വലിയ വാണിജ്യ കെട്ടിടങ്ങളുടെയും ഫ്ളാറ്റുകളുടെയും നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ വന്‍ വര്‍ധന. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്ളാറ്റ് പ്രോജക്ടിന് കോര്‍പറേഷനില്‍ നേരത്തെ ഒരു ലക്ഷമായിരുന്ന പെര്‍മിറ്റ് ഫീസ് ഇപ്പോള്‍ 20 ലക്ഷമായി വര്‍ധിപ്പിച്ചു. നിര്‍മാണസാമഗ്രികളുടെ വിലയും കൂടി കുതിച്ചുയര്‍ന്നതോടെ ഫ്ളാറ്റുകളുടെ വില കൂട്ടേണ്ടി വരുമെന്ന് ബില്‍ഡര്‍മാര്‍ വ്യക്തമാക്കി.
കോര്‍പറേഷനുകളില്‍ നേരത്തെ 300 ചതുരശ്രമീറ്ററിന് മുകളില്‍ ചതുരശ്രമീറ്ററിന് 10 രൂപയായിരുന്നു പെര്‍മിറ്റ് ഫീസ്. ഇത് 200 രൂപയാക്കി. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു അപ്പാര്‍ട്ട്മെന്റ് പദ്ധതിക്ക് നേരത്തെ ഒരു ലക്ഷം രൂപ പെര്‍മിറ്റ് ഫീസ് മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് നേരെ 20 ലക്ഷമായി മാറി. കൂടാതെ, തിരുവനന്തപുരം കോര്പറേഷന് 10 ശതമാനം സര്‍വീസ് ചാര്‍ജും ഫീസിന് മുകളില്‍ ചുമത്തുന്നതോടെ അത് 22 ലക്ഷമായി. നഗരസഭകളില്‍ 300 ചതുരശ്രമീറ്ററിന് മുകളില്‍ താമസിക്കുന്നതിന് കെട്ടിടം വയ്ക്കാന്‍ നേരത്തെ ചതുരശ്രമീറ്ററിന് ഏഴു രൂപയായിരുന്നു. എന്നാലിത് ഇപ്പോള്‍ 200 രൂപയാക്കി. പഞ്ചായത്തുകളില്‍ 5 രൂപയായിരുന്നത് 150 രൂപയുമാക്കി വര്‍ധിപ്പിച്ചു.
അതേസമയം, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കുറവാണെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വാദം. ഇതോടെ സംസ്ഥാനത്തെ വന്‍കിട നിര്‍മാതാക്കളും പ്രതിസന്ധിയിരിക്കുകയാണ്.

