കൊച്ചി: കെഎസ്ആർടിസിക്ക് തിരിച്ചടി. സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പ് ഉത്തരവിട്ടിരുന്നത്. എന്നാൽ, ഈ റൂട്ടുകളിൽ നിലവിലുളള പെർമിറ്റുകൾക്ക് തൽക്കാലത്തേക്ക് തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു.
നിലവിലുളള പെർമിറ്റ് പുതുക്കാനുളള നടപടികളും സ്വീകരിക്കാമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകൾ അടക്കമുളളവയ്ക്ക് ഉത്തരവ് തിരിച്ചടി സൃഷ്ടിക്കും. ദീർഘദൂര റൂട്ടുകളിൽ നിലവിൽ പെർമിറ്റ് ഉണ്ടായിരുന്നവർക്ക് അന്തിമ ഉത്തരവ് വരും വരെ സർവ്വീസ് തുടരാമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, ടേക്ക് ഓവർ സർവീസുകൾക്ക് കെഎസ്ആർടിസി കഴിഞ്ഞ ദിവസം 30% നിരക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ ബസുകൾ അനധികൃതമായി സർവീസ് നടത്തുന്ന സാഹചര്യത്തിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണ് നിരക്ക് ഇളവ് പ്രാബല്യത്തിൽ വരുത്തുന്നത്. കെഎസ്ആർടിസി ചെയർമാൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കെഎസ്എസ്ആർടിസി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീർഘ ദൂര സർവ്വീസുകൾക്ക് ഒപ്പം അനധികൃതമായി സ്വകാര്യ സർവ്വീസുകൾ എല്ലാ നിയമങ്ങളും ലംഘിച്ച് സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നതായി പരാതികൾ ലഭിച്ചിരുന്നു. ഇത്തരം സർവ്വീസുകൾ യാതൊരു അംഗീകൃത ടിക്കറ്റ് നിരക്കുകളും പാലിക്കാതെ അനധികൃതമായി കെഎസ്എസ്ആർടി ബസുകൾക്ക് മുൻപായി സർവ്വീസ് നടത്തി കനത്ത നഷ്ടമാണ് വരുത്തുന്നത്.
ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ഗുണകരമാകുന്ന തരത്തിലും, അധികമായി യാത്രക്കാരെ ആകർഷിക്കുന്ന തരത്തിലും കടുത്ത നഷ്ടം കുറയ്ക്കുന്നതിനുമായി 140 കിലോമീറ്റർ മുകളിലായി പുതിയതായി ആരംഭിച്ച 223 ടേക്ക് ഓവർ സർവീസുകൾക്ക് നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം 30 %നിരക്ക് ഇളവ് കെഎസ്ആർടിസി പ്രഖ്യാപിച്ചതായി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

