ശംഖിന്റെ ആകൃതി, നിർമ്മാണ ചെലവ് 440 കോടി രൂപ; ധാനേധാന്യോ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ധാനേധാന്യോ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി. വാസ്തുശിൽപഭംഗിയും ആധുനികതയും സമന്വയിക്കുന്ന ഈ ഓഡിറ്റോറിയം കൊൽക്കത്തയിലാണ് സ്ഥിതി ചെയ്യുന്നത്. കടഞ്ഞെടുത്തൊരു ശംഖിന്റെ ആകൃതിയിലാണ് ഓഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നത്.

440 കോടി രൂപ ചെലവിട്ടാണ് നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കിയത്. ബംഗാളിന്റെ പുതുവത്സരദിനമായ പോയ്ല ബൈശാഖിനോടനുബന്ധിച്ചാണ് പുതിയ ഓഡിറ്റോറിയത്തിന്റെ ഉദഘാടന കർമ്മം നിർവ്വഹിച്ചത്. ഓഡിറ്റോറിയത്തിന്റെ ചിത്രങ്ങൾ മമത തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ആറുനിലകളാണ് ഓഡിറ്റോറിത്തിന് 510 അടി നീളവും 210 അടി വീതിയുമാണുള്ളത്. 2000 പേർക്കിരിക്കാവുന്ന വലിയ ഹാളും 540 പേർക്കിരിക്കാവുന്ന ചെറിയ ഹാളും ഓഡിറ്റോറിയത്തിലുണ്ട്. ഭക്ഷണം കഴിക്കാനുള്ള സത്കാരഹാളും ഫുഡ്കോർട്ടും നൂറ് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമാണ് ഓഡിറ്റോറിയത്തിന്റെ മറ്റ് പ്രത്യേകതകൾ.