എഐ ക്യാമറകള്‍ ദിനംപ്രതി ഒപ്പിയെടുക്കുന്നത് നിരവധി ഗതാഗത നിയമലംഘനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഒരുമാസത്തിലേറെയായി നടത്തുന്ന ട്രയല്‍ റണ്ണിലൂടെ കണ്ടെത്തുന്നത് ദിനംപ്രതി അഞ്ചുലക്ഷത്തിലേറെ ഗതാഗത നിയമലംഘനങ്ങളെന്ന് റിപ്പോര്‍ട്ട്.

232.25 കോടി ചെലവിട്ടാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇവ പ്രവര്‍ത്തിപ്പിക്കുന്നതിന് കണക്ടിവിറ്റി, ഡേറ്റാ വിശകലനം, ജീവനക്കാര്‍, സൗരോര്‍ജ്ജ സംവിധാനം എന്നിവയ്ക്ക് മൂന്നുമാസത്തിലൊരിക്കല്‍ മൂന്നരക്കോടിയും കാമറകള്‍ സ്ഥാപിച്ച ചെലവില്‍ എട്ടരക്കോടിയും കെല്‍ട്രോണിന് നല്‍കണം. ക്യാമറയുടെ 800മീറ്റര്‍ പരിധിയിലെ ലംഘനങ്ങള്‍ വരെ ഇതില്‍ പിടിക്കും.

ഏതൊക്കെ കാമറകളുടെ പരിധിയില്‍ നിയമലംഘനം ഉണ്ടായാലും അത്രയും പെറ്റി ചുമത്തും. ഹെല്‍മെറ്റില്ലാത്ത യാത്ര ഏതൊക്കെ ക്യാമറകള്‍ പിടികൂടുന്നോ അതിനെല്ലാം പിഴ ചുമത്തും. 500രൂപ പിഴ കണക്കാക്കിയാലും ദിവസം 25 കോടിയോളം ഖജനാവിലേക്ക് കിട്ടും. 24 മണിക്കൂറും പെറ്റിയടിക്കും.

പ്രത്യേകതകള്‍

  1. രാത്രിയിലും വ്യക്തതയേറിയ ദൃശ്യങ്ങള്‍ ലഭിക്കും
  2. സീറ്റ്‌ബെല്‍റ്റിടാത്തവരുടെ മുഖവും നമ്പര്‍പ്ലേറ്റും വ്യക്തമാകും
  3. പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റില്ലെങ്കിലും പകര്‍ത്തും
  4. ഡ്രൈവിംഗിനിടെ മൊബൈലുപയോഗവും അമിതവേഗവും പിടികൂടും
  5. ഇന്‍ഷ്വറന്‍സ്, രജിസ്‌ട്രേഷന്‍ രേഖകള്‍ വാഹന്‍ സോഫ്റ്റ്വെയറില്‍

പരിശോധിച്ച് പിഴചുമത്തും

5 വര്‍ഷം ദൃശ്യം സൂക്ഷിക്കും

ഗതാഗതനിയമലംഘനങ്ങളുടെ ദൃശ്യങ്ങള്‍ അഞ്ച് വര്‍ഷം സൂക്ഷിക്കാനുള്ള സംവിധാനം കണ്‍ട്രോള്‍റൂമിലെ ഡേറ്റാസെന്ററിലുണ്ട്

726കാമറകളിലെയും ദൃശ്യങ്ങള്‍ ഒരുവര്‍ഷം സൂക്ഷിച്ചുവയ്ക്കും. പൊലീസോ അന്വേഷണ ഏജന്‍സികളോ ആവശ്യപ്പെട്ടാല്‍ നല്‍കും.

പിഴ അറിയാം…

ഹെല്‍മെറ്റില്ലാത്ത യാത്ര-500 രൂപ

പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാത്തത്-500

മൂന്നുപേരുടെ ബൈക്ക് യാത്ര-1000

ഡ്രൈവിംഗിനിടെ മൊബൈല്‍വിളി-2000

സീറ്റ്ബെല്‍റ്റില്ലാത്ത യാത്ര-500

അമിതവേഗം-1500

അനധികൃത പാര്‍ക്കിംഗ്-250