പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തൽ; മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച്ച നടത്തി എൻസിപി നേതാവ് ശരദ് പവാർ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച്ച നടത്തി എൻസിപി നേതാവ് ശരദ് പവാർ. ഖാർഗെയുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച. രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ളവരും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.

പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. പ്രതിപക്ഷ ഐക്യത്തിനായി മുന്നോട്ടു പോകുമെന്നും മമത ബാനർജി, അരവിന്ദ് കേജ്രിവാൾ തുടങ്ങി എല്ലാ പ്രതിപക്ഷ നേതാക്കളുമായും സംസാരിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ശരദ് പവാർ പ്രതികരിച്ചു. തന്നെ കാണാനായി മുംബൈയിൽ നിന്നും ശരദ് പവാർ എത്തിയതിൽ സന്തോഷമുണ്ടെന്ന് ഖാർഗെ വ്യക്തമാക്കി.

വ്യാഴാഴ്ച്ച വൈകുന്നേരമാണ് ശരദ് പവാർ മഹാരാഷ്ട്രയിൽ നിന്ന് ഡൽഹിയിലെത്തിയത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ബുധനാഴ്ച്ച മല്ലികാർജുൻ ഖർഗെയെയും രാഹുൽ ഗാന്ധിയെയും കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ശരദ് പവാർ കൂടിക്കാഴ്ച്ചയ്ക്കായി എത്തിയത്.