കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കടുത്ത നിരീക്ഷണങ്ങളുമായി ഹൈക്കോടതി. മാദ്ധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് കോടതി അറിയിച്ചു. കേസിൽ നിന്ന് വഫ ഫിറോസിനെ കോടതി ഒഴിവാക്കുകയും ചെയ്തു.
കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചുവെന്നും കോടതി വ്യക്തമാക്കി. ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്നായിരുന്നു അന്വേഷണ സംഘം സമർപ്പിച്ച പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. പരിശോധന നടത്തിയില്ല എന്നത് മദ്യപിച്ചിട്ടില്ല എന്നതിന് തെളിവല്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.
കേസിൽ മെഡിക്കൽ റിപ്പോർട്ട് ഇല്ലെങ്കിലും, മദ്യത്തിന്റെ അളവിനെക്കുറിച്ച് വ്യക്തത ഇല്ലെങ്കിലും നരഹത്യാക്കുറ്റം ഒഴിവാക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചെന്ന് മൊഴിയുണ്ട്. അമിതവേഗതയിലാണ് വാഹനം ഓടിച്ചത് എന്നതിനും തെളിവുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

