ന്യൂഡൽഹി: ബിബിസിക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. എൻഫോഴ്സ്മെന്റാണ് ബിബിസിക്കെതിരെ നടപടി സ്വീകരിച്ചത്. ഫെമ നിയമം ലംഘിച്ചതിന് ബിബിസിക്കെതിരെ എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥാപനത്തിലെ രണ്ട് മുതിർന്ന ജീവനക്കാരോട് ഇഡി ഓഫീസിൽ ഹാജരാകാനും ആവശ്യപ്പെട്ടു. അഡ്മിൻ, എഡിറ്റോറിയൽ വിഭാഗങ്ങളിലെ രണ്ട് ജീവനക്കാരോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. ബാങ്ക് ഇടപാട് വിശദാംശങ്ങളടക്കം കൈമാറണമെന്ന് ഇഡി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
ബിബിസി ഓഫീസുകളിൽ കഴിഞ്ഞ ഫെബ്രുവരി മാസം കേന്ദ്ര അന്വേഷണ സംഘം പരിശോധനകൾ നടത്തിയിരുന്നു. ഇന്ത്യയിൽ നിന്നും ബിബിസി നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകളുണ്ടായെന്നാണ് പരിശോധനയിൽ ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. തുടർന്നാണ് ഫെമ നിയമം ലംഘിച്ചതിന് ഇഡി കേസ് രജിസ്റ്റർ ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് ബിബിസിയുടെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

