തിരുവനന്തപുരം: വിതുരയിൽ ഹെലി ടൂറിസം. വിതുര ഫെസ്റ്റിന്റെ ഭാഗമായാണ് ഹെലി ടൂറിസം നടത്തുന്നത്. മേള നടക്കുന്ന വാവറക്കോണം അഞ്ചേക്കറിലാണ് ഇതിനായി ഹെലിപ്പാഡ് ഒരുക്കുന്നത്.
35 മീറ്റർ നീളത്തിലും വീതിയിലും നിർമിക്കുന്ന ഗ്രൗണ്ടിൽ പറന്നിറങ്ങുന്ന ഹെലികോപ്റ്ററിലാണ് സന്ദർശകർക്ക് പാസ് മൂലം പ്രവേശനം ലഭിക്കുക. അഗസ്ത്യകൂടം, പേപ്പാറ, പൊന്മുടി, തെന്മല തുടങ്ങിയ പ്രകൃതിദത്ത സഞ്ചാരകേന്ദ്രങ്ങൾക്ക് മുകളിലൂടെയാണ് ഹെലികോപ്ടർ പറക്കുന്നത്.
മേയ് ഒന്നുമുതൽ പത്തുവരെ പത്ത് ദിവസമാണ് വിതുര ഫെസ്റ്റ് നടക്കുക. ഇതിൽ രണ്ടു ദിവസമായിരിക്കും ഹെലി ടൂറിസം നടപ്പാക്കുക. 4000 രൂപയാണ് ഒരാൾക്കുള്ള ഹെലികോപ്ടർ ചാർജ്. ഒറ്റപ്പറക്കലിൽ ആറു പേർക്കാണ് പ്രവേശനം ലഭിക്കുക. കാർഷിക വ്യാവസായിക വിപണനമേള, സെമിനാറുകൾ, സാംസ്‌കാരിക സദസ്സ്, കലാപരിപാടികൾ, കാവ്യസന്ധ്യ, നാടകോത്സവം, കന്നുകാലിച്ചന്ത, ഫുഡ് കോർട്ട്, സിനിമാ വില്ലേജ്, മെഡിക്കൽ ക്യാമ്പുകൾ, പുഷ്പഫല സസ്യമേള, അമ്യൂസ്മെന്റ് പാർക്ക് മോട്ടോർ എക്സ്പോ, കലാ-കായികമേള തുടങ്ങി വിവിധ പരിപാടികൾ ഫെസ്റ്റിൽ അരങ്ങേറും.

