തളിപറമ്പ്: തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പോലിസിൽ നൽകിയ പരാതിയിൽ സ്വപ്ന സുരേഷിന് എതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി ഹൈക്കോടതി. സിപിഎമ്മിന് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഹൈക്കോടതി സ്വപ്നയ്ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതോടെ തളിപ്പറമ്പ് പോലിസ് സ്വപ്നയെ ചോദ്യം ചെയ്യാൻ കഴിയാതെ ബംഗളൂരുവിൽ നിന്നും മടങ്ങി.
നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നാ സുരേഷ് ബിജേഷ് പിള്ളയുമായി കൂടിക്കാഴ്ച്ച നടത്തിയ ബംഗളുരുവിലെ ഹോട്ടലിലെ മട്ടുപാവിൽ പോലിസ് എത്തിയിരുന്നു. ഇവിടെ നിന്നും പോലീസ് തെളിവ് ശേഖരണം നടത്തുകയും ചെയ്തിരുന്നു. സ്വപ്നാ സുരേഷിനെ ഇവിടേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് പോലീസ് പദ്ധതിയിട്ടിരുന്നത്. ഇതിനിടെയാണ് ഹൈക്കോടതിയിൽ നിന്നുംതിരിച്ചടി ഉണ്ടായിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എന്നിവർക്കെതിരെ സ്വപ്നാസുരേഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അപവാദ പ്രചരണം നടത്തിയെന്നും ഇതു മനഃപൂർവ്വം പ്രതിപക്ഷത്തിന് ലഹളയുണ്ടാക്കാൻ അവസരം നൽകിയതാണെന്നും ചൂണ്ടിക്കാട്ടിയാണ് സിപിഎം തളിപറമ്പ് ഏരിയാസെക്രട്ടറി കെ സന്തോഷ് തളിപറമ്പ് ടൗൺ പോലിസിൽ പരാതി നൽകിയത്.

