ഹൂഗ്ലി നദിക്ക് കീഴെ 32 മീറ്റര്‍ താഴ്ചയില്‍ നിര്‍മിച്ച തുരങ്കം വഴി കൊല്‍ക്കത്ത മെട്രോ പരീക്ഷണയോട്ടം നടത്തി. രാജ്യത്ത് ആദ്യമായി ഒരു മെട്രോ റേക്ക് യാത്ര പൂര്‍ത്തിയാക്കിയപ്പോള്‍ രാജ്യവും കൊല്‍ക്കത്ത മെട്രോയും ഒരു പുതു ചരിത്രമാണ് കുറിച്ചത്.
പരീക്ഷണം വിജയകരമായി പൂര്‍ത്തിയാകുന്നതോടെ സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്റ്റേഷനായി ഹൗറ മാറും. ഉപരിതലത്തില്‍ നിന്ന് 33 മീറ്റര്‍ താഴ്ചയിലാണ് സ്റ്റേഷനുള്ളത്. ജലോപരിതലത്തില്‍നിന്ന് 32 മീറ്റര്‍ താഴ്ചയിലാണ് തുരങ്കം സ്ഥിതിചെയ്യുന്നത്. ഹൂഗ്ലി നദിക്കു താഴെയുള്ള തുരങ്കത്തിനകത്ത് 45 സെക്കന്‍ഡിനകം 520 മീറ്റര്‍ യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
2017-ല്‍ ആണ് തുരങ്കം സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. നിലവില്‍ സാള്‍ട്ട് ലേക്ക് സെക്ടര്‍ V മുതല്‍ സീല്‍ദാ വരെയുള്ള ഈസ്റ്റ് വെസ്റ്റ് മെട്രോ ലൈനിന്റെ ഏകദേശം 9.1 കിലോമീറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈസ്റ്റ് വെസ്റ്റ് മെട്രോ റെയില്‍വേയുടെ സേവനങ്ങള്‍ 2020 ഫെബ്രുവരിയിലും ഏറ്റവും പുതിയത് 2022 ജൂലൈയിലും ഘട്ടം ഘട്ടമായി ആരംഭിച്ചു. ഹൗറ മൈതാനത്തിനും എസ്പ്ലനേഡ് സ്റ്റേഷനുമിടയില്‍ അടുത്ത ഏഴുമാസം പരീക്ഷണയോട്ടം നടത്തും. 4.8 കിലോമീറ്റര്‍ ദൂരപരിധിയിലായിരിക്കും പരീക്ഷണം. തുടര്‍ന്ന് ഈ പാതയില്‍ സ്ഥിരം സര്‍വീസ് ആരംഭിക്കുമെന്നും മെട്രോ അധികൃതര്‍ പറയുന്നു.

