അതിർത്തി കടന്ന് ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും കൈവശപ്പെടുത്താനാകില്ല; അമിത് ഷാ

ഇറ്റാഗനർ: അതിർത്തി കടന്ന് ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും കൈവശപ്പെടുത്താനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അരുണാചൽ പ്രദേശ് സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എല്ലാവരുമായും സമാധാനത്തോടെ കഴിയണം എന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. യുദ്ധം തങ്ങൾക്ക് വേണ്ട. രാജ്യത്തെ വടക്ക് കിഴക്കൻ മേഖലകൾ ഇന്ന് വികസനത്തിന്റെ പാതയിലാണ്. 2014 മുൻപ് വടക്കിഴക്കൻ മേഖല മുഴുവൻ പ്രശ്‌നബാധിത മേഖല എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ 9 വർഷം കൊണ്ട് രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകുന്ന പ്രദേശമായി വടക്ക് കിഴക്കൻ മേഖല മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസനത്തിന്റെ പാതയിലാണ് ഇന്ന് ഇന്ത്യ. അതിർത്തിയിലെ സുരക്ഷ ഈ രാജ്യത്തിന്റെ സുരക്ഷയാണ്. അതിർത്തിയിലെ വികസനത്തിന് വലിയ പ്രാധാന്യം മോദി സർക്കാർ നൽകുന്നുണ്ട്. കോൺഗ്രസ് നൽകുന്നതിനേക്കാൾ മോദി സർക്കാർ അധികം ശ്രദ്ധ അതിർത്തിയിൽ നൽകുന്നുവെന്നും അമിത് ഷാ അറിയിച്ചു. തിങ്കളാഴ്ച്ചയാണ് അമിത് ഷാ അരുണാചൽപ്രദേശിൽ സന്ദർശനത്തിനെത്തിയത്.