എല്ലാ ജില്ലകളിലും ഫോറൻസിക് സയൻസ് ലാബുള്ള രാജ്യത്തെ ആദ്യസംസ്ഥാനമെന്ന അംഗീകാരം സ്വന്തമാക്കാൻ കേരളം

കൊച്ചി: എല്ലാ ജില്ലകളിലും ഫോറൻസിക് സയൻസ് ലാബുള്ള രാജ്യത്തെ ആദ്യസംസ്ഥാനമെന്ന അംഗീകാരം സ്വന്തമാക്കാൻ കേരളം. സംസ്ഥാനത്ത് 13 ജില്ലകളിൽ അത്യാധുനിക ഫോറൻസിക് സയൻസ് ലാബുകളിൽ (ഡി.എഫ്.എസ്.എൽ) കേസുകൾ എടുത്തുതുടങ്ങി. 90 ശതമാനം നിർമ്മാണം പൂർത്തിയായ വയനാട് ഡി.എഫ്.എസ്.എൽ ഈമാസം അവസാനം പ്രവർത്തനസജ്ജമാകും. കുറ്റാന്വേഷണങ്ങളിലടക്കം നിർണായകമായ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾക്കായി ഇനി മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകില്ല.

തിരുവനന്തപുരത്ത് സംസ്ഥാന ലാബും കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ റീജിയണൽ ഫോറൻസിക് സയൻസ് ലാബുകളുമാണുണ്ടായിരുന്നത്. പ്രതിദിനം ശരാശരി 60 കേസുകളാണ് ജില്ലകളിൽ നിന്ന് ഫോറൻസിക് ലാബുകളിൽ എത്തുന്നത്. പ്രതിദിനം 15 കേസുകളിൽ റിപ്പോർട്ട് നൽകാനേ ശേഷിയുണ്ടായിരുന്നുള്ളൂ. ജില്ലാതല ലാബുകൾ വന്നതോടെ ഭൂരിഭാഗം കേസുകളിലും ഇവിടെ നിന്ന് റിപ്പോർട്ട് നൽകാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫോറൻസിക് സയൻസ് സംസ്ഥാന മേധാവി ഡോ. കെ. പ്രദീപ് സജി മേൽനോട്ടം ഏറ്റെടുത്തതോടെയാണ് നിർമ്മാണം വേഗത്തിലായത്. വിദേശത്തുനിന്ന് എത്തിച്ച ഉപകരണങ്ങൾ എല്ലാ ലാബുകളിലും സ്ഥാപിച്ചു.ഒരു അസിസ്റ്റന്റ് ഡയറക്ടറും സയന്റിസ്റ്റുമടക്കം ആറുപേരാണ് ജില്ലാ ലാബുകളുടെ നടത്തിപ്പിന് വേണ്ടത്.