തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കുന്നത് മാറ്റിവെച്ചു. ജൂൺ അഞ്ചിലേക്കാണ് ഹർജി പരിഗണിക്കുന്നത് മാറ്റി വെച്ചത്. ഹർജിക്കാരന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഹർജിക്കാരനെതിരെ ലോകായുക്ത വീണ്ടും പരിഹാസം ഉന്നയിച്ചു.
വാദിക്കാൻ താൽപര്യമില്ലെങ്കിൽ അത് പറഞ്ഞാൽ പോരേയെന്നാണ് ലോകായുക്ത ചോദിക്കുന്നത്. മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം എവിടെയന്ന് ലോകായുക്ത ചോദിച്ചു. നിങ്ങൾക്ക് തിരക്കില്ലെങ്കിൽ തങ്ങൾക്കും തിരക്കില്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് കേസ് ഫുൾബെഞ്ചിന് വിട്ട നടപടി ഹർജിക്കാരൻ ചോദ്യം ചെയ്യാനേ പാടില്ലായിരുന്നുവെന്ന് ഉപലോകായുക്ത അഭിപ്രായപ്പെട്ടു.
കേസ് ഫുൾബെഞ്ചിന് വിട്ടത് ചട്ടപ്രകാരമാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. 2018ലെ ഭിന്നവിധി ഹർജിക്കാരൻ ആർ എസ് ശശികുമാർ എതിർത്തില്ല. ഇപ്പോൾ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് എന്തുകൊണ്ടെന്ന് ഉത്തരം പറയണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു.

