തൃശൂർ: കൈനീട്ടം നൽകിയതിന്റെ പേരിൽ ആരും വോട്ട് തരേണ്ട ആവശ്യമില്ലെന്ന് സുരേഷ് ഗോപി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. മകളുടെ സ്മരണാർഥമുള്ള ലക്ഷ്മിസുരേഷ് ഗോപി എംപീസ് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ തൃശൂരിലെ വാദ്യകലാകാരന്മാർക്ക് വിഷുക്കോടിയും കൈനീട്ടവും നൽകാൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഈ പരിപാടിയിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അതിന് മുമ്പേ പലരും കാഹളം മുഴക്കുകയാണ്. അതെന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ല. മറ്റുള്ളവരുടെ ആസ്വാദനത്തിനു വേണ്ടി സ്വന്തം കേൾവിശക്തി പോലും നഷ്ടപ്പെടുത്തുന്നവരാണ് വാദ്യ, മേള കലാകാരന്മാരെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ വാദ്യ, മേള കലാകാരന്മാരുടെ കൺസോർഷ്യം ഉണ്ടാക്കിയാൽ ഒരു കോടി രൂപ സംഭാവന ചെയ്യും. ഇതിന് പണം കണ്ടെത്തുക അഭിനയിക്കുന്ന സിനിമകളുടെ പ്രതിഫലത്തിൽ നിന്നായിരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

