മന്ത്രി ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: മന്ത്രി ആര്‍. ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അതേസമയം, ഹര്‍ജിയില്‍ മതിയായ വസ്തുതകള്‍ ഇല്ലെന്ന് കോടതി അറിയിച്ചു. ബിന്ദുവിന്റെ തടസ്സവാദം കോടതി അംഗീകരിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് ബിന്ദു പ്രഫസര്‍ പദവി കാട്ടി പ്രചാരണം നടത്തിയെന്നാണ് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. 2018ലെ യുജിസി റെഗുലേഷന്‍ വകുപ്പ് പ്രകാരം, സര്‍വിസില്‍ തുടരുന്ന കോളജ് അധ്യാകര്‍ക്ക് മാത്രമേ പ്രഫസര്‍ പദവി നല്‍കാനാകൂ. കേരളവര്‍മ കോളജില്‍ ഇംഗ്ലിഷ് അധ്യാപികയായിരിക്കെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ബിന്ദു ജോലി രാജിവച്ചു. പിന്നീട് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രഫസര്‍ പദവി ഉപയോഗിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുനേടിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.