തിരുവനന്തപുരം: ലോകായുക്തക്കെതിരെ പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ദുരിതാശ്വാസനിധി കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളിയ ലോകായുക്തയുടെ ഉത്തരവ്, ഉണ്ട വിരുന്നിനു നന്ദി കാട്ടിയതാണെന്ന് കെ സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിയെ രക്ഷിക്കാൻ ലോകായുക്ത നടത്തിയ അട്ടിമറികൾ കേസിന്റെ തുടക്കം മുതൽ ഓരോ ഘട്ടത്തിലും പ്രകടമാണ്. ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കേ രാജ്യത്തിനു മാതൃകയായി തുടക്കമിട്ട ലോകായുക്തയുടെ ഉദകക്രിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് അവകാശപ്പെടുന്ന പിണറായി വിജയന്റെ കൈകൾകൊണ്ടു തന്നെ ചെയ്തു എന്നതിൽ പാർട്ടിക്ക് അഭിമാനിക്കാം. മന്ത്രിസഭാ തീരുമാനം എന്ന മുടന്തൻ ന്യായം ഉന്നയിച്ച് ദുരിതാശ്വാസനിധിയിൽ നിന്ന് പണം നൽകിയതിലെ അഴിമതിയിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വ്യക്തിപരമായ ഉത്തരവാദിത്വമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ ലോകായുക്ത കേസ് രജിസ്റ്റർ ചെയ്തതെന്നും സുധാകരൻ വ്യക്തമാക്കി.
അന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ അപ്പീൽ പോലും നൽകിയില്ല. തുടർന്ന്, 2022ൽ മൂന്നു വർഷംകൊണ്ട് വിചാരണ പൂർത്തിയാക്കിയെങ്കിലും വിധി പറയാതെ നീട്ടിക്കൊണ്ടു പോയി. ഹൈക്കോടതി ഇടപെട്ടതിനുശേഷം മാത്രമാണ് ഇപ്പോൾ ലോകായുക്ത കേസ് വീണ്ടും പരിഗണനയ്ക്ക് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

