രാത്രി പത്തിനു ശേഷം സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തികൊടുക്കണം; ഉത്തരവിട്ട് ഗതാഗത വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി പത്തിനു ശേഷം ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തികൊടുക്കണമെന്ന് ഉത്തരവിട്ട് ഗതാഗത വകുപ്പ്.

സ്ത്രീകള്‍ക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇത് ബാധകമാണെന്ന് ഗതാഗത വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. രാത്രി 10 മുതല്‍ രാവിലെ ആറു വരെയാണ് നിബന്ധന ബാധകമാവുക.

അതേസമയം, മിന്നല്‍ ബസുകള്‍ ഒഴികെ എല്ലാ സൂപ്പര്‍ക്ലാസ് ബസുകളും ഇത്തരത്തില്‍ നിര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. ഇത്തരം സര്‍വ്വീസുകള്‍ രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തികൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെഎസ്ആര്‍ടിസി എംഡി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് പാലിക്കപ്പെടുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നതോടെയാണ് പുതിയ ഉത്തരവ്.