തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയ അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാനുള്ള പഞ്ചായത്തിരാജ് ഭേദഗതി ബില്‍, മുനിസിപ്പാലിറ്റി ഭേദഗതി ബില്‍ എന്നിവയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പുവെച്ചു. എന്നാല്‍, മുന്‍ നിയമസഭാ സമ്മേളനങ്ങളില്‍ പാസാക്കിയ വിവാദ ബില്ലുകള്‍ ഉള്‍പ്പെടെ 6 എണ്ണത്തിന് ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. പൊതുജനാരോഗ്യ ബില്‍, സ്വകാര്യവനം ബില്‍ എന്നിവയിലും തീരുമാനമായില്ല.
പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവര്‍ക്ക് രോഗമുക്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് നല്‍കിയെങ്കിലും ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങള്‍ക്ക് ചികിത്സയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യമില്ല. ചികിത്സാ പ്രോട്ടോക്കോള്‍ തീരുമാനിക്കാനുള്ള അധികാരം അലോപ്പതി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ്. അലോപ്പതി മെഡിക്കല്‍ ഓഫീസര്‍ക്ക് മുന്‍കൂര്‍ അറിയിപ്പില്ലാതെ ആയുഷ് ചികിത്സാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുവാനും രോഗികളെ മറ്റു സ്ഥലങ്ങളിലേക്ക് റഫര്‍ ചെയ്യാനും അധികാരമുണ്ടാവും. അതിനാല്‍, ഈ ബില്‍ കൂടുതല്‍ പരിശോധനയ്ക്കായി മാറ്റിവച്ചേക്കും.
അതേസമയം, അമ്പത് സെന്റ് വരെ സ്വകാര്യ വനഭൂമി കൈവശമുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് ഇളവ് നല്കി 1971ലെ സ്വകാര്യവനങ്ങള്‍ നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും നിയമം ഭേദഗതി ചെയ്ത ബില്ലിലും വിശദ പരിശോധന വേണ്ടിവരുമെന്നാണ് ഗവര്‍ണറുടെ നിലപാട്. എന്നാല്‍, പട്ടയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സ്വകാര്യവനങ്ങളുടെ ഉടമസ്ഥാവകാശം നിര്‍ണ്ണയിക്കുന്നതില്‍ അപാകതയുണ്ടെന്നും 20000 ഹെക്ടര്‍ നിബിഡ സ്വകാര്യ വനഭൂമി നഷ്ടപ്പെടുമെന്നും സ്വകാര്യ വനങ്ങള്‍ സംരക്ഷിക്കാനാണ് ഭേദഗതിയെന്നുമാണ് സര്‍ക്കാര്‍ വാദം.
ഒപ്പിടാത്ത ബില്ലുകള്‍
- ഗവര്‍ണറെ നീക്കി അക്കാഡമിക് വിദ്ഗദ്ധരെ ചാന്‍സലറാക്കാനുള്ള ബില്‍
- 2021നവംബറില്‍ പാസാക്കിയ സര്‍വകലാശാലാ നിയമഭേദഗതിക്കുള്ള 2ബില്ലുകള്‍
- വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവര്‍ന്ന് 5അംഗ സെര്‍ച്ച് കമ്മിറ്റിക്കുള്ള ബില്‍
- ലോകായുക്ത ഉത്തരവ് നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി
- മില്‍മ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങള്‍ക്കും വോട്ടവകാശം അനുവദിക്കുന്ന ഭേദഗതി.

