ആനയെ എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം; ജനങ്ങളുടെ ഭീതി കാണാതിരിക്കാനാവില്ലെന്നും ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ അരിക്കൊമ്പന്‍ വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരേ നെന്മാറ എം.എല്‍.എ കെ. ബാബു ചെയര്‍മാനായ ജനകീയ സമിതി സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

‘ആനയെ എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ജനങ്ങളുടെ ഭീതി കോടതിക്ക് കാണാതിരിക്കാന്‍ ആകില്ല. ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാം. മറ്റു സ്ഥലങ്ങളും പരിഗണിക്കാം. ആനയെ പിടികൂടി കൂട്ടിലടയ്ക്കുന്നത് പരിഹാരമല്ല. അരിക്കൊമ്പനെ കൂടാതെ മറ്റ് കൊമ്പന്‍മാരും ഉണ്ട്. ആനയെ പിടികൂടാന്‍ എളുപ്പമാണ്. എന്നാല്‍, അതിന്റെ ആവാസവ്യവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ‘ദിസ് വെക്കേഷന്‍ ഈസ് വിത്ത് അരിക്കൊമ്പന്‍’. അവധിക്കാലത്തും കേസ് പരിഗണിക്കും. ആനയുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുകൊണ്ടാണ് അവ അക്രമകാരികളാകുന്നത്. ഭക്ഷണത്തിനും വെള്ളത്തിനുമായാണ് നാട്ടിലേക്ക് ഇറങ്ങുന്നത്. നിലവില്‍ ആനയെ 24 മണിക്കൂറും നിരീക്ഷിക്കണം. ജനപ്രതിനിധികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്’- കോടതി വ്യക്തമാക്കി.

അരിക്കൊമ്പന്‍ കേസ് ഈ മാസം 19-ന് വീണ്ടും പരിഗണിക്കും.