ബിജെപി കോർകമ്മിറ്റിയിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടായതിൽ സന്തോഷമുണ്ട്; ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി കോർകമ്മിറ്റിയിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടായതിൽ സന്തോഷമുണ്ടെന്ന് ശോഭാ സുരേന്ദ്രൻ. ഇത് വരെ സ്ത്രീ പ്രാതിനിധ്യം ഇല്ലാതിരുന്ന കോർ കമ്മിറ്റിയിൽ ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് തീരുമാനമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

കോർ കമ്മിറ്റിക്കകത്ത് ഒരു പുതിയ സ്ത്രീയെ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ് താൻ മനസിലാക്കുന്നത്. അത് തീർച്ചയായും തനിക്ക് സന്തോഷം തരുന്നുണ്ട്. കേരള ബിജെപിയിൽ സുരേന്ദ്രൻ നേതൃത്വത്തിൽ വരുന്നതിന് മുൻപ് കുമ്മനം രാജശേഖരന്റെയും ശ്രീധരൻ പിള്ള സാറിന്റെയും നേതൃത്വത്തിലുള്ള കോർ കമ്മിറ്റിയിൽ തനിക്ക് സ്ത്രീ എന്ന രീതിയിൽ പ്രാതിനിധ്യം ഉണ്ടായിരുന്നു. ഒരു സ്ത്രീയെ ബിജെപിയുടെ കോർ കമ്മിറ്റിയിലേക്ക് ഉൾക്കൊള്ളിക്കാനുള്ള ഒരു മര്യാദ സംസ്ഥാന അധ്യക്ഷന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അത് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അടുത്ത മാസം ഇവിടെ വലിയ സ്ത്രീ ശക്തി സമ്മേളനം നടക്കാൻ പോകുകയാണ്. അപ്പോൾ സ്വാഭാവികമായും ഒരു സത്രീക്ക് കോർ കമ്മിറ്റിക്കകത്ത് പ്രാതിനിധ്യം നൽകാൻ മനസുണ്ടായതിനെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. ഇത് വരെ കോർ കമ്മിറ്റിയിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ ഉണ്ടായിരിക്കുന്നു. എത്രയോ വർഷം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയും ഉപ്പും കണ്ണുനീരും പാർട്ടിയിലെ കൊടിക്കകത്ത് ഉണ്ടാക്കുകയും ചെയ്തുവെന്ന് വിശ്വസിക്കുന്ന താൻ അതിൽ സന്തോഷിക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.