ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 189 സീറ്റുകളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. ഇതിൽ 52 സ്ഥാനാർത്ഥികൾ പുതുമുഖങ്ങളാണ്. ഷിഗാവോൺ മണ്ഡലത്തിൽ നിന്നാണ് നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മത്സരിക്കുന്നത്. ശിക്കാരിപുര മണ്ഡലത്തിൽ നിന്നും മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രയും മത്സരിക്കും.
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ധർമ്മേന്ദ്ര പ്രധാനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കണമെന്നാണ് മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടറിന് പാർട്ടി നൽകിയിരിക്കുന്ന നിർദ്ദേശം.
തിരഞ്ഞടുപ്പിൽ സീറ്റ് ഉണ്ടാകില്ലെന്നും യുവാക്കൾക്ക് വഴി മാറി നൽകണമെന്ന് കേന്ദ്രം നേതൃത്വം നൽകിയ നിർദ്ദേശം. എന്നാൽ തിരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ജഗദീഷ് ഷെട്ടർ അറിയിച്ചത്.

