കൽപ്പറ്റ: തന്നെ ഭയപ്പെടുത്താൻ സാധിക്കില്ലെന്ന് ബിജെപിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചോദ്യങ്ങൾ ഉന്നയിക്കുന്നത് തടയാൻ ബിജെപിക്ക് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടുകാർ തന്നെ കുടുംബാംഗത്തെപ്പോലെ, സഹോദരനെപ്പോലെ സ്വീകരിച്ചുവെന്നും കൽപ്പറ്റയിലെ പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.
എം പി എന്ന പദവിയും വീടും ഇല്ലാതാക്കാനേ ഭരണകൂടത്തിന് കഴിയൂ. വയനാടിന്റെ എം പി സ്ഥാനം ഔദ്യോഗികമായി വഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആജീവനാന്തം താൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. തന്നെ കാരാഗ്രഹത്തിൽ അടച്ചാലും വയനാടിനോടുള്ള തന്റെ ബന്ധം നിലനിൽക്കും. അവർക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു.
അദാനിയുമായുള്ള ബന്ധമെന്താണെന്ന് താൻ പ്രധാനമന്ത്രിയോട് ചോദിച്ചു. എന്നാൽ തന്റെ ചോദ്യത്തിന് മോദി മറുപടി നൽകിയില്ല. ബിജെപിയുടെ മന്ത്രിമാർ പാർലമെന്റ് നടപടികൾ തടസപ്പെടുത്തുന്ന സാഹചര്യം വരെ ഉണ്ടായി. തന്റെ ഭാഗം വിശദീകരിക്കാൻ സ്പീക്കറോട് അവസരം ചോദിച്ചെങ്കിലും കത്തുകൾ നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

