അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നത് പോലെ: വനം മന്ത്രി

പാലക്കാട്: അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റുന്നത് ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നത് പോലെയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.

‘വിദഗ്ദ്ധ സമിതി, കോടതി എന്നിവരുടെ യുക്തി സാധാരണ ജനങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. ഞാനും ഒരു സാധാരണക്കാരന്‍ ആണ്. എനിക്കും മനസ്സിലായിട്ടില്ല. ഹൈക്കോടതി സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചാല്‍ അപ്പോള്‍ നിലപാട് വ്യക്തമാക്കും. സാറ്റലൈറ്റ് റേഡിയോ കോളര്‍ ലഭ്യമാണോ എന്നു പോലും ഉറപ്പില്ല. കോടതി അത് പരിശോധിച്ചിട്ടില്ല. എന്തായാലും റേഡിയോ കോളര്‍ ഉടനെത്തില്ല’- മന്ത്രി പറഞ്ഞു.

അതേസമയം, അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട ട്രയല്‍ റണ്ണിനെതിരെ വാഴച്ചാലില്‍ ആദിവാസികള്‍ നടത്തി വന്ന ഉപരോധ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. കോടതി നാളെ കേസ് പരിഗണിച്ച ശേഷം ട്രയല്‍ റണ്‍ നടത്തും എന്ന് വനം വകുപ്പ് ഉറപ്പു നല്‍കി.