തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം ഉൾപ്പടെയുള്ള പെട്രോളിയം ഉത്പ്പന്നങ്ങൾ കൊണ്ടുപോകുന്നതിന് വിലക്ക്. ഇത് സംബന്ധിച്ച 2002ലെ നിയമം പെട്രോളിയം ആന്റ് എക്സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) കർശനമാക്കിയതായി അധികൃതർ അറിയിച്ചു. കോഴിക്കോട് ട്രെയിൻ ആക്രമണ കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഓട്ടോറിക്ഷ ഉൾപ്പടെയുള്ള ടാക്സി വാഹനങ്ങൾ മുതൽ സ്വകാര്യ വാഹനങ്ങൾക്കുവരെ നിയമം ബാധകമാണ്. വീടുകളിലേയ്ക്ക് സ്വന്തം വാഹനത്തിൽ എൽ പി ജി സിലിണ്ടറുകൾ കൊണ്ടുപോയാലും നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. പെട്രോൾ പമ്പുകളിൽ നിന്ന് ഇനി കുപ്പിയിൽ ഇന്ധനം നൽകില്ല.
യാത്രക്കാരുമായി വരുന്ന ബസുകൾ ഇന്ധനം നിറയ്ക്കുന്നതിലും വിലക്കേർപ്പെടുത്താനാണ് സാധ്യത. യാത്രക്കാരെ പമ്പിൽ നിന്ന് സുരക്ഷിത അകലത്തിൽ നിർത്തിയതിനുശേഷം മാത്രമേ ബസിൽ ഇന്ധനം നിറയ്ക്കൂവെന്നാണ് വിവരം.
ഏജൻസികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമല്ലാതെ പെട്രോൾ, ഡീസൽ, എൽ പി ജി ഉൾപ്പടെയുള്ളവ കൊണ്ടുപോകാൻ അനുവദിക്കില്ല.നിയമം ലംഘിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

