മണിമല: വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ജോസ് കെ മാണിയുടെ മകനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമം നടത്തിയെന്ന ആരോപണം ശക്തം. പോലീസ് തയ്യാറാക്കിയ ആദ്യ എഫ്.ഐ.ആറില്‍ ജോസിന്റെ മകന്‍ കെ.എം മാണിയുടെ പേരില്ലെന്നതാണ് ആരോപണം ശക്തമാവാന്‍ കാരണം. 45-വയസുള്ള ആള്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. ജോസ് കെ മാണിയുടെ മകന്റെ രക്ത പരിശോധനയും പോലീസ് നടത്തിയിട്ടില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, മൂവാറ്റുപുഴ – പുനലൂര്‍ റോഡില്‍ ശനിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടമുണ്ടായത്. എന്നാല്‍, ഞായറാഴ്ച വൈകീട്ടോടെയാണ് കെ.എം മാണിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തുവെന്നാണ് വിവരം. മണിമല ഭാഗത്തുനിന്നും കരിക്കാട്ടൂര്‍ ഭാഗത്തേക്കുവന്ന ഇന്നോവ വാഹനത്തിലാണ് സഹോദരങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചത്. ആ സമയത്ത് പ്രദേശത്ത് മഴ ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ആ സമയത്ത് ഇന്നോവ വാഹനം ബ്രേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് പോലീസ് എത്തുമ്പോള്‍ ജോസ് കെ മാണിയുടെ മകന്‍ കെ.എം മാണി അപകട സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍, 45- വയസ് കഴിഞ്ഞ ഒരാളാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് പോലീസ് ആദ്യം തയ്യാറാക്കിയ എഫ്.ഐ.ആറില്‍ പറയുന്നത്.
കെ.എം മാണി ഓടിച്ച ഇന്നോവയില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് മാത്യു ജോണ്‍ (35) സഹോദരന്‍ ജിന്‍സ് ജോണ്‍ (30) എന്നിവര്‍ മരിച്ചത്. മണിമല ബിഎസ്എന്‍എല്‍ പടിക്ക് സമീപത്തുവച്ചായിരുന്നു അപകടം.

