കല്‍പ്പറ്റ: എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി രാഹുല്‍ഗാന്ധി നാളെ വയനാട് സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍ പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടാകും. ഇതോടനുബന്ധിച്ച് നാളെ കല്‍പറ്റയില്‍ പതിനായിരങ്ങളെ അണിനിരത്തി റോഡ്ഷോ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് അറിയിച്ചു.
സത്യമേവ ജയതേ എന്ന പേരില്‍ ഉച്ചയ്ക്ക് 3 മണിക്ക് കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂള്‍ പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുക. പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും റോഡ്ഷോയില്‍ ഉപയോഗിക്കുക. ശേഷം സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. റോഡ്ഷോയിലേക്ക് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിച്ചേരും. കല്‍പ്പറ്റ എം പി ഓഫീസിന് മുന്‍വശത്തായി പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, മോന്‍സ് ജോസഫ് എം എല്‍ എ, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, സി പി ജോണ്‍ തുടങ്ങിയ നിരവധി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

