കോഴിക്കോട് ട്രെയിൻ ആക്രമണ കേസ്; മൊഴിയിൽ ഉറച്ച് നിന്ന് ഷാരൂഖ്, അന്വേഷണം എൻഐഎയ്ക്ക് കൈമാറാൻ സാധ്യത

കോഴിക്കോട്: കോഴിക്കോട് ട്രെയിൻ ആക്രമണ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. തനിക്കാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും സ്വയം തോന്നലിന്റെ പുറത്ത് ചെയ്തതാണെന്നുമുള്ള മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് പ്രതി ഷാരൂഖ്. എന്നാൽ, ചില ആശയങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് ട്രെയിനിന് തീവച്ചതെന്ന തരത്തിലാണ് പിടിയിലായശേഷം മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്‌ക്വാഡിന് ഷാരൂഖ് നൽകിയ മൊഴി.

അതേസമയം, ഷാരൂഖ് സെയ്ഫിയെ പരിശോധിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ മാലൂർകുന്ന് പൊലീസ് ക്യാമ്പിലെത്തി. ഷാരൂഖിനെ തെളിവെടുപ്പിന് കൊണ്ടുപോകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് പരിശോധനയ്ക്ക് ശേഷമായിരിക്കുമെന്നാണ് വിവരം.

ആക്രമണം നടത്താനായി പ്രതിയ്ക്ക് ട്രെയിനിൽ സഹായി ഉണ്ടായിരുന്നുവെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. ട്രെയിനിലെ ഡി 1 കോച്ചിൽ തീവയ്പുണ്ടായതിന് പിന്നാലെ ഈ സഹായി ആയിരിക്കാം എമർജൻസി ബ്രേക്ക് വലിച്ചതെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഷാരൂഖിന്റെ ബാഗിൽ നിന്ന് കിട്ടിയ ഭക്ഷണത്തിന് പഴക്കമുണ്ടായിരുന്നില്ല. അതിനാൽത്തന്നെ ഈ ഭക്ഷണം ആരോ തയ്യാറാക്കി കൊണ്ടുവന്നതാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

കേസിൽ തീവ്രവാദ ബന്ധം കൂടി സംശയിക്കുന്ന സഹാചര്യത്തിൽ കേസ് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കൈമാറാനും സാധ്യതയുണ്ട്. തുടരന്വേഷണത്തെക്കുറിച്ച് സംസാരിക്കാനായി ഡിജിപി അനിൽകാന്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.