ഫറോക്ക്: കോഴിക്കോട് ട്രെയിൻ ആക്രമണ കേസിൽ അന്വേഷണം ശരിയായ രീതിയിലാണ് നീങ്ങുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംഭവത്തിൽ പ്രതിയെ ഏറെ വൈകാതെ തന്നെ പിടികൂടാനായത് കേരള പോലീസിന്റെ മാതൃകാപരമായ മികവ് തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം പുരോഗമിക്കവെ കേസ് സംബന്ധിച്ച് കൂടുതൽ ചർച്ച ചെയ്യുന്നത് അനുചിതമാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് എലത്തൂർ സംഭവത്തിൽ മരണമടഞ്ഞ സഹ്റ ബാത്തൂലിന്റെ വീട്ടിൽ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരോടൊപ്പം അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. മാതാപിതാക്കളായ ഷുഹൈബ്, ജസീല എന്നിവരുമായി സംസാരിച്ചു. കേരള സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ധനസഹായം ജില്ലാ കളക്ടർ കുടുംബാംഗങ്ങൾക്ക് കൈമാറുകയും ചെയ്തു.

