സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത; ഡിജി കേരളം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

കൊച്ചി: ഡിജി കേരളം പദ്ധതിയ്ക്ക് ഇന്ന് തുടക്കം കുറിച്ചു. സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള ‘ഡിജി കേരളം’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ചടങ്ങിൽ തൊഴിലുറപ്പ് പദ്ധതി സമ്പൂർണ സോഷ്യൽ ഓഡിറ്റ് സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കലും നിർവ്വഹിച്ചു. സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

തദ്ദേശ സ്വയം ഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി രാജീവ്, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. സമ്പൂർണ്ണ സാക്ഷരതാ പ്രസ്ഥാനത്തിലൂടെ രാജ്യത്തിന് മാതൃകയായ കേരളം, ഡിജി സാക്ഷരതയിലൂടെ പുതുചരിത്രം രചിക്കാനാണ് തയ്യാറെടുക്കുന്നത്.

ആറ് മാസം കൊണ്ട് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യം പ്രാപ്തമാക്കാനുള്ള നടപടികളാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കാലത്ത്, ആധുനിക സങ്കേതങ്ങളുടെ ഗുണഫലങ്ങൾ എല്ലാ സാധാരണക്കാർക്കും ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ചുവടുവെപ്പ് നടത്തുന്നത്.