ബംഗളൂരു: കർണാടകയിലെ ബന്ദിപ്പൂർ കടുവാസങ്കേതത്തിൽ ടൈഗർ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച്ച രാവിലെ ഏഴേകാലോടെയാണ് അദ്ദേഹം ബന്ദിപ്പൂരിലെ കടുവാസങ്കേതത്തിൽ എത്തിയത്. ബന്ദിപ്പൂർ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
ഇരുപത് കിലോമീറ്റർ അദ്ദേഹം ഇവിടെ ടൈഗർ സഫാരി നടത്തി. കൂടെയുണ്ടായിരുന്ന വനപാലകരോട് അദ്ദേഹം സംസാരിക്കുകയും ചെയ്തു. മൈസുരുവിൽ കർണാടക ഓപ്പൺ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന പ്രോജക്ട് ടൈഗറിന്റെ അമ്പതാം വാർഷികാഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. 2022 സെൻസസിൽ ഇന്ത്യയിൽ കണ്ടെത്തിയ കടുവകളുടെ എണ്ണം വാർഷികാഘോഷത്തിൽ പുറത്തു വിടുന്നുണ്ട്. പ്രോജക്ട് ടൈഗറിന്റെ സ്മരണാർഥം അമ്പത് രൂപയുടെ നാണയം അദ്ദേഹം പുറത്തിറക്കുകയും ചെയ്യും.
അതേസമയം, ഓസ്‌കർ പുരസ്‌കാരം നേടിയ ‘എലിഫെന്റ് വിസ്പറേഴ്‌സി’ലെ ബൊമ്മനെയും ബെല്ലിയെയും പ്രധാനമന്ത്രി നേരിട്ട് കണ്ട് അഭിനന്ദിച്ചു. ആനകളെ അദ്ദേഹം തലോടുകയും അവർക്ക് കരിമ്പ് നൽകുകയും ചെയ്തു.

