അശോക് ഗെഹ്ലോത് സർക്കാരിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച് സച്ചിൻ പൈലറ്റ്

ജയ്പുർ: അശോക് ഗെഹ്ലോത് സർക്കാരിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച് രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ്. മുൻ ബി.ജെ.പി സർക്കാരിനെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ടാണ് അദ്ദേഹം നിരാഹാര സമരം പ്രഖ്യാപിച്ചത്. അഴിമതിക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഏപ്രിൽ 11ന് നിരാഹാര സമര നടത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. വാർത്താ സമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജസ്ഥാനിലെ പ്രശ്‌നങ്ങളെക്കുറിച്ച് പാർട്ടി നേതൃത്വത്തിന് നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്ക് കോൺഗ്രസ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കി എന്ന് ഉറപ്പാക്കേണ്ടതുണ്ട്. എക്‌സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കൈയേറ്റം തുടങ്ങിയവ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. വാഗ്ദാനങ്ങളൊന്നും തന്നെ നടപ്പിലാക്കാതെ ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയില്ല. അഴിമതി ആരോപണങ്ങളിൽ തെളിവുകളുണ്ട്, അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയാണ്. ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടതുണ്ട്. മുൻ ബിജെപി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വസുന്ധരെ രാജയ്‌ക്കെതിരേ അശോക് ഗെഹ്ലോത് നടത്തുന്ന അഴിമതി ആരോപണങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചായിരുന്നു സച്ചിൻ പൈലറ്റിന്റെ പരാമർശങ്ങൾ. എന്തുകൊണ്ടാണ് ഈ ആരോപണങ്ങളിൽ അന്വേഷണം നടത്താത്തത് എന്നും അദ്ദേഹം ചോദിക്കുന്നു.

ഇതിന് ആവശ്യമായ തെളിവുകൾ കോൺഗ്രസ് സർക്കാരിന്റെ കൈവശമുണ്ട്. എന്നാൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇത് നമ്മുടെ സർക്കാരാണ്. നമ്മളെന്തെങ്കിലും പ്രവർത്തിച്ചാൽ മാത്രമേ ജനങ്ങൾക്ക് സർക്കാരിനോടുള്ള വിശ്വാസ്യത തുടർന്നും ഉണ്ടാകൂവെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.