ഇടത്-വലത് മുന്നണികളെപ്പോലെ ബിജെപിക്കും കേരളത്തിൽ സാധ്യതയുണ്ട്; മോദി മികച്ച നേതാവാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

തിരുവനന്തപുരം: ബിജെപിയ്ക്ക് പിന്തുണയുമായി സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. രാജ്യത്തെ ക്രൈസ്തവ വിഭാഗത്തിന് ബിജെപിയോട് തൊട്ടുകൂടായ്മയില്ലെന്ന സൂചനയാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇടത്-വലത് മുന്നണികളെപ്പോലെ ബിജെപിക്കും കേരളത്തിൽ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബിജെപി ജനങ്ങളുടെ പിന്തുണ നേടുന്നതിൽ വിജയം കൈവരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെയും അദ്ദേഹം പ്രശംസിച്ചു. മോദി മികച്ച നേതാവാണ്. അദ്ദേഹം ആരുമായും ഏറ്റുമുട്ടലിന് പോകാറില്ല. മോദി അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ ഉയർത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി ക്രൈസ്തവ സ്ഥാപനങ്ങൾ ഒന്നാം ബിജെപി സർക്കാരിന്റെ കാലത്ത് ആക്രമിക്കപ്പെട്ടിരുന്നു. ഇത് അവരുടെ ശ്രദ്ധയിൽകൊണ്ടുവന്നു. ജനങ്ങൾക്കുവേണ്ടി നല്ലത് ചെയ്തതുകൊണ്ടാണ് വടക്കേ ഇന്ത്യയിൽ ബിജെപിയും കേരളത്തിൽ എൽഡിഎഫും ഭരണത്തിലെത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ക്രൈസ്തവർ അരക്ഷിതാവസ്ഥയിലല്ല. കോൺഗ്രസുമായി മുൻപ് നായർ സമുദായത്തിനും അടുപ്പമുണ്ടായിരുന്നു. എന്നാൽ ക്രമേണ അത് കുറഞ്ഞുവന്നു. കോൺഗ്രസിൽ പ്രതീക്ഷയില്ലാത്തതിനാലാണ് ഒരുവിഭാഗം ഇടതുപക്ഷത്തേക്ക് മാറിയത്. എന്നാൽ, പല സാഹചര്യങ്ങളിലും അവർക്കും പ്രതീക്ഷകൾ നിറവേറ്റാൻ കഴിഞ്ഞില്ല. അതിനാൽ, ആളുകൾ മറ്റൊരു സാധ്യത തേടുന്നത് സ്വാഭാവികമാണെന്നും അങ്ങനെയാണ് ബിജെപിയിലേക്ക് ആളുകൾ പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടതുപക്ഷത്തിന്റെ ആശയത്തിൽ കാര്യമായ മാറ്റം വിശ്വാസവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. പള്ളികളിലും അമ്പലങ്ങളിലും പോകുന്നതിനെ മുൻപ് എതിർത്തിരുന്നവർ ഇന്നത് പ്രോത്സാഹിപ്പിക്കുന്നു. തന്നെ കാണാൻ ബിജെപി. നേതാക്കൾ വരാറുണ്ട്. എന്നാൽ, ഔദ്യോഗികമായി ഇതുവരെ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. ആർ.എസ്.എസ്. നേതാക്കളും വന്നുകണ്ടിട്ടുണ്ട്. തന്നെ സ്വാമിജി എന്നാണ് അവർ വിളിക്കുന്നതെന്നും ജോർജ് ആലഞ്ചേരി കൂട്ടിച്ചേർത്തു.