ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനമായ ഇന്ന് ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തി. വൈകിട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമന്ത്രിയെ വൈദികര്‍ ചേര്‍ന്ന് സ്വീകരിച്ചു. മെഴുകുതിരി കത്തിച്ച ശേഷം അദ്ദേഹം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ഇരുപത് മിനിട്ടോളം പള്ളിയില്‍ ചെലവഴിച്ച മോദി പുരോഹിതരുമായും വിശ്വാസികളുമായും സംവദിച്ച ശേഷം മടങ്ങി.
അതേസമയം, കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഇതേ ദേവാലയം സന്ദര്‍ശിച്ചിരുന്നു.
ഈസ്റ്റര്‍ പ്രമാണിച്ച് കേരളത്തിലും ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ഇന്ന് സഭാ അദ്ധ്യക്ഷന്‍മാരെയും വിശ്വാസികളെയും സന്ദര്‍ശിച്ച് ആശംസ അറിയിച്ചു. തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അടക്കമുള്ളവരെ ബി.ജെ.പി നേതാക്കള്‍ കണ്ടു.

