‘എ.കെ ആന്റണിയുടെ മകന്‍ കോണ്‍ഗ്രസ് വിട്ടതല്ല, ബി.ജെ.പിയില്‍ ചേര്‍ന്നതാണ് പ്രശ്നം’: അനില്‍ ആന്റണി

കേരള മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പി അംഗത്വം സ്വീകരിച്ചത് കടുത്ത രാഷ്ട്രീയവഞ്ചനയാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് വിമര്‍ശനമുയരുമ്പോള്‍ തന്റെ തീരുമാനത്തിനു പിന്നിലെ രാഷ്ട്രീയപശ്ചാത്തലം വിശദീകരിക്കുകയാണ് അനില്‍ ആന്റണി.

അനില്‍ ആന്റണി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്…

ബി.ജെ.പി.യില്‍ ചേരാനുള്ള താങ്കളുടെ തീരുമാനം എ.കെ. ആന്റണിയെ വ്യക്തിപരമായും രാഷ്ട്രീയമായും വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. ഈ തീരുമാനം അദ്ദേഹത്തോടു ചെയ്ത നീതികേടാണെന്ന് കരുതുന്നുണ്ടോ?

രാജ്യത്തെ യുവതലമുറയ്ക്ക് തിരഞ്ഞെടുക്കാന്‍പറ്റാത്ത രാഷ്ട്രീയപ്പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞു. ഇന്ത്യയിലെ പകുതിയിലേറെ സംസ്ഥാനങ്ങളില്‍ ഞാന്‍ യാത്രചെയ്തിട്ടുണ്ട്. മുപ്പതു വയസ്സിനു താഴെയുള്ളവരുമായി സംസാരിക്കുമ്പോള്‍, ബഹുഭൂരിപക്ഷത്തിനും കോണ്‍ഗ്രസിനെ വേണ്ടാ. കോണ്‍ഗ്രസിന് വര്‍ത്തമാനവും ഭാവിയും ഇല്ല. പഴയ അധ്യായമായിമാറി. ദേശീയതാത്പര്യത്തിനുവേണ്ടി നിലകൊള്ളുന്ന മികച്ച കാഴ്ചപ്പാടുള്ള പാര്‍ട്ടിയായി ഞാന്‍ ബി.ജെ.പി.യെ കാണുന്നു. അറുപത്തിയഞ്ചു വര്‍ഷക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച, മുതിര്‍ന്ന നേതാവെന്നനിലയില്‍ അച്ഛന് വിഷമമുണ്ടായിട്ടുണ്ടാവും. അദ്ദേഹത്തിന് കോണ്‍ഗ്രസുമായി ഇമോഷണല്‍ കണക്ട് കാണും. പക്ഷേ, ഞാന്‍ ഏതു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്നത് എന്റെ തീരുമാനമാണ്. കുടുംബകാര്യവും രാഷ്ട്രീയനിലപാടും തമ്മില്‍ ഒരു ബന്ധവുമില്ല.

രാഷ്ട്രീയ നിലപാട് കുടുംബകാര്യമല്ലെന്ന് പറയുമ്പോഴും ആദര്‍ശശാലിയെന്ന് എതിരാളികള്‍പോലും പ്രശംസിക്കുന്ന എ.കെ. ആന്റണി ഇത്രയുംകാലം അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്ക് ഈ തീരുമാനം തിരിച്ചടിയായില്ലേ?

എ.കെ. ആന്റണിയുടെ മകന്‍ കോണ്‍ഗ്രസ് വിട്ടതല്ല, ബി.ജെ.പി.യില്‍ ചേര്‍ന്നതാണ് പ്രശ്നം. എന്റെ നിലപാട് ഒരിക്കലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് തിരിച്ചടിയായിട്ടില്ല. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ സമുന്നതനേതാക്കളായിരുന്ന മാധവറാവു സിന്ധ്യ, ശരദ് പവാര്‍, പി.എ. സാങ്മ, ജി.കെ. മൂപ്പനാര്‍, വൈ.എസ്.ആര്‍. തുടങ്ങിയവരൊക്കെ കോണ്‍ഗ്രസ് വിട്ടിട്ടുണ്ട്. എന്നാല്‍, എ.കെ. ആന്റണി കോണ്‍ഗ്രസില്‍ ഉറച്ചുനിന്നു. ഞാന്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു എന്നതുകൊണ്ട് അച്ഛനെ തള്ളിപ്പറയുന്നു എന്നര്‍ഥമില്ല. അച്ഛനോട് എന്നും ആദരവുമാത്രമേയുള്ളൂ. എങ്കിലും ഏത് രാഷ്ട്രീയപ്പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്നത് കുടുംബകാര്യമല്ല. ഇന്ത്യ വരുംകാലത്ത് എങ്ങനെ മുന്നോട്ടുപോവണം എന്ന കാഴ്ചപ്പാടില്‍നിന്നാണ് ബി.ജെ.പി.യെയും നരേന്ദ്രമോദിയെയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്.

അച്ഛന്റെ മകന്‍ എന്നനിലയില്‍ കോണ്‍ഗ്രസില്‍ താങ്കള്‍ക്ക് നല്ല പരിഗണന ലഭിച്ചിരുന്നു. 2017-ല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ ബി.ജെ.പി.യെക്കുറിച്ചും മോദിയെക്കുറിച്ചും വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ലേ?

തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ പഠിക്കുന്നകാലത്ത് കെ.എസ്.യു.വില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും അന്ന് നേതൃനിരയില്‍ ഉണ്ടായിരുന്നില്ല. 2017-ലാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് അതിന്റെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി. അച്ഛന്റെ മകന്‍ എന്നനിലയില്‍ തന്നെയാണ് കോണ്‍ഗ്രസില്‍ വന്നത്. പക്ഷേ, എനിക്ക് ടെക്‌നോളജി രംഗത്ത് നല്ല ബന്ധമുണ്ടായിരുന്നു. ഡോ. ശശി തരൂരിനെപ്പോലുള്ളവരുമായി അടുത്തുപ്രവര്‍ത്തിച്ചു. ഞാന്‍ മനസ്സിലാക്കിയ കോണ്‍ഗ്രസും ഇപ്പോഴത്തെ കോണ്‍ഗ്രസും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് താമസിയാതെ തിരിച്ചറിവുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷമായി കോണ്‍ഗ്രസിന് ഒരു രാഷ്ട്രതാത്പര്യവുമില്ല. തീര്‍ത്തും വ്യക്തികേന്ദ്രീകൃതമായിമാറി. ഒന്നോ രണ്ടോ വ്യക്തികള്‍ക്കുവേണ്ടിയാണ് പാര്‍ട്ടി എല്ലാ തീരുമാനങ്ങളും നിലപാടുകളും എടുക്കുന്നത്. കോണ്‍ഗ്രസിന്റെ അടുത്തകാലത്തെ പല തീരുമാനങ്ങളും ദേശീയതയ്ക്കും ദേശീയതാത്പര്യങ്ങള്‍ക്കും വിരുദ്ധമാണ്. ഗാന്ധിജിയും നെഹ്രുവും വല്ലഭ്ഭായി പട്ടേലുമെല്ലാം പോരാടിയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. എന്നിട്ട് അതിന്റെ പിന്മുറക്കാര്‍ ബ്രിട്ടനില്‍പ്പോയി ഇവിടെ ജനാധിപത്യമില്ല എന്ന് പറയുന്നത് ശരിയായിത്തോന്നിയില്ല. മോദിയെ നേരിടാന്‍ രാജ്യതാത്പര്യങ്ങള്‍ക്ക് നിരക്കാത്ത മാര്‍ഗം സ്വീകരിക്കുന്നതായിത്തോന്നി. അതുകൊണ്ടാണ് ഇത് പഴയ കോണ്‍ഗ്രസല്ല, അടിമുടി മാറിയെന്ന് എനിക്ക് ബോധ്യപ്പെട്ടത്. ഈ തിരിച്ചറിവാണ് എന്നെ ബി.ജെ.പി.യില്‍ എത്തിച്ചത്.

കോണ്‍ഗ്രസ് അതിന്റെ പഴയ നിലപാടുകളില്‍ വെള്ളംചേര്‍ത്തുവെന്നതാണ് പ്രശ്നമെങ്കില്‍, രാജ്യത്ത് വേറെയും ഇടത്, മതേതര, ജനാധിപത്യ പാര്‍ട്ടികള്‍ ഇല്ലേ. എന്തുകൊണ്ട് ബി.ജെ.പി.യെ തിരഞ്ഞെടുത്തു?

ശരിയാണ്. രാജ്യത്ത് കുറെ പാര്‍ട്ടികളുണ്ട്. പക്ഷേ, അവയെല്ലാം സംസ്ഥാനപാര്‍ട്ടികളാണ്. അവര്‍ക്ക് ദേശീയ കാഴ്ചപ്പാടില്ല. ആം ആദ്മി പാര്‍ട്ടിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ദേശീയതലത്തില്‍ വളരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്കതിന് സാധിക്കുന്നില്ല. രാജ്യത്തെ 65 ശതമാനം ജനത 40 വയസ്സിന് താഴെയുള്ളവരാണ്. രാജ്യത്തെ മുന്നോട്ടുനയിക്കാന്‍ സാധിക്കുന്ന വേഗമേറിയ വാഹനം ബി.ജെ.പി.യാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ബി.ജെ.പിയെ ഇത്രയുംകാലം വര്‍ഗീയ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് ആക്ഷേപിച്ചത് തിരുത്തിപ്പറയാന്‍ വിഷമമുണ്ടോ?

കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചതുമുതല്‍ തോന്നിയതല്ല, ബി.ജെ.പി. വര്‍ഗീയ ഫാസിസ്റ്റ് പാര്‍ട്ടി അല്ലെന്ന തിരിച്ചറിവ്. കോണ്‍ഗ്രസിലുള്ളപ്പോള്‍തന്നെ ഒരുപാട് കാര്യങ്ങളില്‍ വിയോജിപ്പുണ്ടായിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ച് ഏറെ മനസ്സിലാക്കാന്‍ ശ്രമിച്ചു. പത്തുവര്‍ഷം കേന്ദ്രത്തില്‍ യു.പി.എ. ഭരിച്ചപ്പോള്‍ എല്ലാ അന്വേഷണ ഏജന്‍സികളും അന്വേഷിച്ചിട്ടും കലാപത്തില്‍ മോദിക്കോ അമിത് ഷായ്ക്കോ എന്തെങ്കിലും പങ്കുള്ളതായി കണ്ടെത്താനായില്ല. കോടതിയും കേസുകള്‍ തള്ളി. പിന്നെയും ഈ ആരോപണം കോണ്‍ഗ്രസ് ഉന്നയിക്കുമ്പോള്‍ വസ്തുതയ്ക്കു നിരക്കാത്ത രാഷ്ട്രീയപോരാട്ടമല്ലേ ഈ ആരോപണം എന്ന് തോന്നിയിട്ടുണ്ട്. മോദിക്ക് കലാപത്തില്‍ എന്തെങ്കിലും പങ്കുള്ളതായി വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പിന്നെ, കഴിഞ്ഞ ഇരുപതുവര്‍ഷമായി ഗുജറാത്തില്‍ പറയത്തക്ക കലാപമൊന്നും ഉണ്ടായിട്ടില്ല. സ്വാതന്ത്ര്യത്തിനുശേഷം 2002 വരെ പതിവായി കലാപം ആവര്‍ത്തിച്ച നാടാണ് ഗുജറാത്ത് എന്നോര്‍ക്കണം.

ബി.ബി.സി വിഷയത്തില്‍ വിവാദ അഭിപ്രായം പറഞ്ഞപ്പോള്‍ താങ്കളെ തിരുത്താന്‍ എ.കെ. ആന്റണി ശ്രമിച്ചിരുന്നോ?

ബി.ബി.സി. വിഷയത്തില്‍ പ്രതികരിക്കുന്നതിനുമുന്‍പും എന്റെ വ്യത്യസ്തമായ കാഴ്ചപ്പാട് പപ്പയോട് (എ.കെ. ആന്റണി) ചില സന്ദര്‍ഭങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. പലകാര്യങ്ങളും പപ്പയോട് ഉള്ളുതുറന്ന് സംസാരിച്ചിട്ടുണ്ട്. അതൊക്കെ പക്ഷേ, തുറന്ന ചര്‍ച്ചയാണ്. വീട്ടിലെ നാലുപേര്‍ക്കും നാല് നിലപാടും കാഴ്ചപ്പാടുമുണ്ട്. ആരും ഒന്നും മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കാറില്ല. കുടുംബബന്ധത്തെ ഈ തീരുമാനം ഒരുതരത്തിലും ബാധിക്കില്ല.

ആന്റണി വിലക്കിയിരുന്നെങ്കില്‍ തീരുമാനം മാറ്റുമായിരുന്നോ?

ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പപ്പയുടെ അഭിപ്രായം ചോദിച്ചിട്ടില്ല. വിലക്കിയാലും എനിക്ക് എന്റെ അഭിപ്രായവും നിലപാടും മാറ്റാന്‍ കഴിയില്ല.

കോണ്‍ഗ്രസ് രാജ്യത്ത് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

അടുത്തൊന്നും കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല. പാര്‍ട്ടിയെ പുനരുദ്ധരിക്കാനുള്ള പദ്ധതിയോ കാഴ്ചപ്പാടോ നേതൃത്വമോ കോണ്‍ഗ്രസിനില്ല. എന്നാലും ചില അദ്ഭുതങ്ങള്‍ സംഭവിച്ചുകൂടെന്നില്ല. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ അത് അസാധ്യമാണ്.

വിയോജിപ്പുകള്‍ രാഹുല്‍ഗാന്ധിയോട് നേരിട്ട് എപ്പോഴെങ്കിലും തുറന്നുപറഞ്ഞിരുന്നോ?

പലതവണ രാഹുല്‍ഗാന്ധിയുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് ബോധ്യമായി. അതുകൊണ്ട് വിയോജിപ്പുകള്‍ പറയാന്‍ കഴിഞ്ഞിട്ടില്ല. ഉള്ളുതുറന്ന ചര്‍ച്ചകള്‍ പലപ്പോഴും കോണ്‍ഗ്രസില്‍ നടക്കാറില്ല.

പുതിയ തീരുമാനത്തിലെത്തും മുന്‍പ് നരേന്ദ്രമോദിയും അമിത് ഷായുമായി സംസാരിച്ചിരുന്നോ?

നഡ്ഡാജിയുള്‍പ്പെടെയുള്ള ബി.ജെ.പി.യുടെ കേന്ദ്ര-സംസ്ഥാന നേതാക്കളുമായി സംസാരിച്ചിരുന്നു. നരേന്ദ്രമോദിയെയും അമിത് ഷായെയും കണ്ട് സംസാരിച്ചോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഏതായാലും 25-ന് കേരളത്തില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന സമ്മേളനത്തില്‍ എന്നെയും സംസ്ഥാനനേതൃത്വം ക്ഷണിച്ചിട്ടുണ്ട്.