സര്‍വകാല റെക്കോഡ്! ദക്ഷിണ റെയില്‍വേയുടെ യാത്രാ ടിക്കറ്റ് വരുമാനം 6345 കോടി

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ദക്ഷിണ റെയില്‍വേയുടെ യാത്രാ ടിക്കറ്റ് വരുമാനം 6345കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞതിന് തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തില്‍ 3539.77കോടിരൂപയായിരുന്നു. 80 ശതമാനമാണ് വരുമാന വര്‍ദ്ധന. 2019-20വര്‍ഷത്തിലെ വരുമാനം 5225കോടി രൂപയായിരുന്നു. ഈ റെക്കോഡാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

ദക്ഷിണ റെയില്‍വേയുടെ മൊത്തം വരുമാനം 10703കോടിയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 47 ശതമാനം ഉയര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ചരക്കു ഗതാഗതത്തില്‍ 30 ശതമാനത്തിന്റെ വര്‍ദ്ധനയോടെ 3637.86 കോടി രൂപ നേടി. പെട്രോളിയം, ഭക്ഷ്യ വസ്തുക്കള്‍, ഓട്ടോമൊബൈല്‍ ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടെ 37.94 ദശലക്ഷം ടണ്‍ ചരക്ക് നീക്കം നടത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. അതേസമയം, യാത്രക്കാരുടെ എണ്ണം 33.9കോടിയില്‍ നിന്ന് 64കോടിയായി ഉയര്‍ന്നു. അവധി, ഉത്സവ വേളകളിലാണ് യാത്രക്കാരുടെ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

ദക്ഷിണറെയില്‍വേ മേഖലയില്‍ കഴിഞ്ഞ വര്‍ഷം കാര്യമായ അപകടങ്ങളുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. 53 ശതമാനം ഇന്റര്‍ലോക്കിംഗും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റിയതോടെ 92 ശതമാനം ട്രെയിനുകളും കൃത്യസമയം പാലിച്ചു.