രാഹുൽ ഗാന്ധി ഏപ്രിൽ 16-ന് കർണാടക സന്ദർശിക്കും; കോലാറിൽ ജനങ്ങളെ അഭിസംബോധന ചെയ്യും

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കർണാടക സന്ദർശനത്തിൽ വീണ്ടും മാറ്റം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സന്ദർശനമാണ് മാറ്റിവെച്ചത്. ഏപ്രിൽ 10-ന് രാഹുൽ കർണാടകയിലെത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നീട് മാറ്റിവെയ്ക്കുകയായിരുന്നു. ഏപ്രിൽ 16-ന് രാഹുൽ ഗാന്ധി കോലാറിൽ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് ഏറ്റവും പുതിയ വിവരം. കർണാടക കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ഡി കെ ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് കോൺഗ്രസ് നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.

ജയ്ഭാരത് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. രാഹുലിന് എംപി സ്ഥാനം നഷ്ടപ്പെട്ടത് 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോലാറിൽ രാഹുൽ നടത്തിയ വിവാദപ്രസംഗത്തിന്റെ പേരിലാണ്. അതേസ്ഥലത്തുവെച്ചുതന്നെ ജനങ്ങളെ അഭിസംബോധന ചെയ്യണമെന്നാണ് രാഹുൽ ആഗ്രഹിക്കുന്നതെന്ന് ഡി കെ ശിവകുമാർ അറിയിച്ചു. ഏഴ് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ നേടിയെടുത്ത പാർലമെന്റ് അംഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യത്തിന് നേരിട്ട അപമാനമാണെന്ന് ഡി കെ ശിവകുമാർ അഭിപ്രായപ്പെട്ടു.

നിയമസഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുമായി പ്രവർത്തകർ തിരക്കിലായിരിക്കുന്നതിനാലാണ് രാഹുലിന്റെ സന്ദർശനം ഒരാഴ്ചത്തേക്ക് കൂടി നീട്ടിവെച്ചത്. കോലാറിലേത് എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ പൊതുപരിപാടിയാണ്.