നട്ടംതിരിഞ്ഞിരിക്കുന്ന സാധാരണക്കാരന്റെ പോക്കറ്റടിക്കുന്നു; പെർമിറ്റ് ഫീസ് വർധിപ്പിച്ചതിനെതിരെ വിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റമാണ് സാധാരണക്കാരന് ഇതുവരെ വിലങ്ങുതടിയായിരുന്നത്. എന്നാലിപ്പോൾ പെർമിറ്റ് ഫീസിൽ സർക്കാർ വരുത്തിയിരിക്കുന്ന അന്യായ വർധനയും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹ പറഞ്ഞു.

ഇന്ധന സെസ് ഏർപ്പെടുത്തുക വഴി സകല മേഖലയിലും ഉണ്ടായ വിലക്കയറ്റം പാവപ്പെട്ടവന്റെ നടുവൊടിക്കുകയാണ്. വെള്ളക്കരവും വൈദ്യുത ചാർജും ഇതിനിടയിൽ വർധിപ്പിച്ചു. നട്ടംതിരിഞ്ഞിരിക്കുന്ന സാധാരണക്കാരന്റെ പോക്കറ്റടിക്കുകയാണ് പെർമിറ്റ് ഫീസ് വർധിപ്പിച്ചതിലൂടെ സംസ്ഥാന സർക്കാർ ചെയ്തതെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വീട് വയ്ക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പെർമിറ്റ് എടുക്കുന്നതിനുള്ള അപേക്ഷാ ഫീസ് 30 രൂപയിൽ നിന്നും 1000 മുതൽ 5000 രൂപ വരെയായാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം അടയ്ക്കേണ്ട പെർമിറ്റ് ഫീസും പത്തിരട്ടിയോളം ഉയർത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഗ്രാമ പഞ്ചായത്ത് പരിധിയിൽ 150 ച.മീറ്റർ( അഥവാ 1615 സ്‌ക്വയർ ഫീറ്റ് ) വീട് വയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാൾ വർധനവിന് മുൻപ് നൽകേണ്ടിയിരുന്ന അപേക്ഷാ ഫീസ് 30 രൂപയായിരുന്നു. പെർമിറ്റ് ഫീസ് 525 രൂപയും.
ഇപ്പോഴത്തെ വർധന അനുസരിച്ച് 150 ച. മീറ്റർ വരെയുള്ള വീടുകളുടെ അപേക്ഷാ ഫീസ് 30 രൂപയിൽ നിന്നും 1000 മായി ഉയരും. പെർമിറ്റ് ഫീസ് ഒരു ച. മീറ്ററിന് 50 രൂപയെന്ന നിരക്കിൽ ഉയർത്തിയിട്ടുണ്ട്. ഇതനുസരിച്ച് 150 ച. മീറ്റർ വീടിന്റെ പെർമിറ്റ് ഫീസ് 7500 രൂപയായി ഉയരും. 555 ൽ നിന്നു 8500 ലേയ്ക്കാണ് മൊത്തം ഫീസ് ഉയരുന്നത്. അതായത് 15 ഇരട്ടിയാണ് നിരക്ക് വർധനയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

നഗരസഭാ പരിധിയിൽ നേരത്തെയുണ്ടായിരുന്ന അപേക്ഷാ ഫീസ് 30 രൂപയും 150 ച. മീറ്റർ വീടിന് പെർമിറ്റ് ഫീസ് 525 രൂപയുമായിരുന്നു. എന്നാൽ വർധിപ്പിച്ച നിരക്കനുസരിച്ച് അപേക്ഷാ ഫീസ് 1000 രൂപയിലേക്ക് ഉയരും. പെർമിറ്റ് ഫീസ് 10500 ആകും. ഇതോടെ മൊത്തം ചെലവ് 555 രൂപയായിരുന്നത് 11500 രൂപയായി വർധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കോർപ്പറേഷൻ പരിധിയിൽ വർധനവ് മുൻപ് നൽകേണ്ടിയുരുന്ന അപേക്ഷാ ഫീസ് 50 രൂപയായിരുന്നു. 150 ച. മീറ്റർ വരെയുള്ള വീടിന് പെർമിറ്റ് ഫീസ് 750 രൂപയും. നിരക്ക് വർധന വരുന്നതോടെ അപേക്ഷാ ഫീസ് 50 രൂപയിൽ നിന്നും 1000 രൂപയിലേയ്ക്ക് ഉയരും. പെർമിറ്റ് ഫീസിനത്തിൽ 15000 രൂപ അടയ്ക്കേണ്ടി വരും. ആകെ ചെലവ് 800 രൂപയിൽ നിന്നും 16000 രൂപയായി ഉയരും. 250 ച. മീറ്റർ വീടാണ് നിർമ്മിക്കുന്നതെങ്കിൽ പഞ്ചായത്തുകളിൽ 1780 രൂപയിൽ നിന്നും 26000 രൂപയിലേയ്ക്കും നഗരസഭകളിൽ 1780 ൽ നിന്ന് 31000 ത്തിലേക്കും കോർപ്പറേഷനുകളിൽ 2550 ൽ നിന്നും 38500 ലേക്കും വർധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

നികുതി പിരിവിലെ കെടുകാര്യസ്ഥതയും ധൂർത്തും അനാവശ്യചെലവുകളും സംസ്ഥാനത്തിനുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം സാധാരണക്കാർ ഉൾപ്പെടെയുള്ള ജനങ്ങളുടെ തലയിലേക്ക് നേരിട്ട് അടിച്ചേൽപ്പിക്കുന്ന നികുതിക്കൊള്ളയാണ് ഈ വർഷത്തെ ബജറ്റിലൂടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്ന് മുതൽ 5000 കോടിയുടെ നികുതിക്കൊള്ള പ്രബല്യത്തിൽ വരികയും ചെയ്തു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും കരകയറി വരുന്ന സാധാരണക്കാരനെ സർക്കാർ വീണ്ടും ഞെക്കിപ്പിഴിയരുത്. വീട് വയ്ക്കുന്നതിനുള്ള അപേക്ഷാ ഫീസും പെർമിറ്റ് ഫീസും വർധിപ്പിച്ച നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.