കന്നട താരങ്ങളായ യഷും ഋഷഭ് ഷെട്ടിയും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും കേരളത്തിലെത്തുന്നു; പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ അതിഥികളെന്ന് റിപ്പോർട്ട്

കൊച്ചി: കന്നഡ സൂപ്പർതാരങ്ങളായ കെ.ജി.എഫ് നായകൻ യഷും ഋഷഭ് ഷെട്ടിയും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും കേരളത്തിലെത്തുന്നു. കൊച്ചിയിൽ ബിജെപി സംഘടിപ്പിക്കുന്ന യുവം സമ്മേളനത്തിലാണ് താരങ്ങൾ അതിഥികളായി എത്തുന്നത്. ഏപ്രിൽ 25നാണ് സമ്മേളനം നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിംഗ് കേരളയാണ് പരിപാടിയുടെ സംഘാടകർ. അനിൽ ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിയുടെ ഭാഗമാകുമെന്നാണ് വിവരം. മലയാള സിനിമയിൽ നിന്നുള്ളവരും പരിപാടിയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. ജി20 അംഗരാജ്യങ്ങളുടെ യുവകൂട്ടായ്മയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടിയിൽ സംസ്ഥാനത്തെ 17നും 35നും ഇടയിൽ പ്രായമുള്ള വ്യത്യസ്ത മേഖലയിൽ നിന്നുള്ള യുവതീയുവാക്കളുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തും. സംസ്ഥാനത്തുടനീളമുള്ള കാമ്പസുകളിലും പരിപാടിയ്ക്ക് മുന്നോടിയായി സംവാദങ്ങൾ നടക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മെഗാ കോൺക്ലേവ് സംഘടിപ്പിക്കും.