ന്യൂഡൽഹി: യുദ്ധവിമാനത്തിൽ യാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. സുഖോയ് 30 എംകെഐയിലാണ് രാഷ്ട്രപതി തൻരെ കന്നി യുദ്ധ വിമാന യാത്ര നടത്തിയത്. അസമിലെ തേസ്പൂർ വ്യോമ കേന്ദ്രത്തിൽ നിന്നായിരുന്നു രാഷ്ട്രപതി യുദ്ധ വിമാനത്തിൽ പറന്നുയർന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
ബ്രഹ്മപുത്ര, തേസ്പൂർ താഴ്‌വരകൾക്ക് മുകളിലൂടെ രാഷ്ട്രപതി യാത്ര ചെയ്തു. ഏകദേശം 30 മിനിറ്റോളം രാഷ്ട്രപതി യാത്ര ചെയ്തു. ക്യാപ്റ്റൻ നവീൻ കുമാറാണ് വിമാനം പറത്തിയത്. റഷ്യൻ സാങ്കേതികവിദ്യയിൽ വികസിപ്പിച്ചതും ഇന്ത്യയിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിച്ചതുമായ രണ്ട് സീറ്റുള്ള മൾട്ടിറോൾ ഫൈറ്റർ ജെറ്റാണ് സുഖോയ്-30 എംകെഐ.
106 സ്‌ക്വാഡ്രണിലെ സിഒ ജിപി സമുദ്രനിരപ്പിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ഉയരത്തിലാണ് വിമാനം പറന്നത്. മണിക്കൂറിൽ 800 കിലോമീറ്ററായിരുന്നു യുദ്ധവിമാനത്തിന്റെ വേഗത. ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്നാണ് രാഷ്ട്രപതി യാത്രനടത്തിയത്.
അതേസമയം, യാത്രയെ കുറിച്ച് രാഷ്ട്രപതി പ്രതികരണംനടത്തുകയും ചെയ്തു. ഏറെ ആവേശകരമായ അനുഭവമായിരുന്നുവെന്ന് ദ്രൗപതി മുർമു വ്യക്തമാക്കി. കര, വ്യോമ, നാവിക സേനകളുടെ പ്രതിരോധ ശേഷി ഏറെ വികസിച്ചു എന്നത് അഭിമാനകരമാണെന്നും മുർമു ട്വിറ്ററിൽ കുറിച്ചു.

