ഹൈദരാബാദ്: അഴിമതിയും കുടുംബാധിപത്യവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ തെലങ്കാന സന്ദർശനം. തെലങ്കാന ഭരിക്കുന്ന കെസിആറിന്റെ നേതൃത്വത്തിലുള്ള ബിആർഎസ് പാർട്ടി ഭരണത്തെ വിമർശിച്ചായിരുന്നു മോദിയുടെ പരാമർശം.
തെലങ്കാനയിൽ പല പദ്ധതികളും സംസ്ഥാന സർക്കാരിന്റെ നിസ്സഹകരണം മൂലം വൈകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തെലങ്കാനയിലെ ജനങ്ങളാണ് ഇതിന്റെ നഷ്ടം അനുഭവിക്കുന്നത്. ജനങ്ങൾക്ക് വേണ്ടി വികസന പദ്ധതികൾക്കായി കേന്ദ്ര സർക്കാരുമായി സംസ്ഥാനം സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.
കുടുംബാധിപത്യത്തിൽ വിശ്വസിക്കുന്ന ചിലർ സംസ്ഥാനത്തിന്റെ വികസനത്തിന് വിലങ്ങുതടിയാകുന്നു. സ്വന്തം കുടുംബത്തിന്റെ ലാഭം മാത്രമാണ് ഇത്തരക്കാർ നോക്കുന്നത്. ഇവരിൽ നിന്നും അകലം പാലിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

