പ്രണയക്കെണിയിൽ പെൺകുട്ടികളെ കുടുക്കുന്ന സംഭവങ്ങൾ വർധിക്കുന്നു; സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം ഉറപ്പു വരുത്തണമെന്ന് തലശേരി ബിഷപ്പ്

കണ്ണൂർ: പ്രണയക്കെണിയിൽ പെൺകുട്ടികളെ കുടുക്കുന്ന സംഭവങ്ങൾ വർധിക്കുന്നുവെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പംപ്ലാനി. ഇടയലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

യാത്രകളിലും ജോലി സ്ഥലങ്ങളിലും സ്ത്രീകളെ ഇരകളായി കണക്കാക്കുന്ന കഴുകൻ കണ്ണുകൾ പെരുകുന്നത് അപകടകരമാണ്. പ്രണയക്കെണി ഒരുക്കി പെൺകുട്ടികളെ ചതിക്കുഴിയിൽ പെടുത്തുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈസ്റ്റർ ദിനത്തിൽ വായിക്കുന്ന ഇടയലേഖനത്തിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം ഉറപ്പു വരുത്തണം. ആൺകുട്ടികൾക്ക് എന്നപോലെ പെൺകുട്ടികൾക്കും പിതൃത്വത്തിൽ തുല്യ അവകാശം ഉണ്ടെന്ന സുപ്രീംകോടതിവിധി നമ്മുടെ സമുദായവും വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ല. സ്ത്രീധനമെന്ന സ്ത്രീവിരുദ്ധ സമ്പ്രദായം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു. സ്ത്രീകളെ ആദരിക്കുന്നതിൽ നമ്മുടെ രാജ്യവും സംസ്‌കാരവും നിലവിൽ ഏറെ പിന്നിലാണ്. സഭയിലും സമുദായത്തിലും സ്ത്രീകൾ അവഗണന നേരിടുന്നുവെന്നത് വിസ്മരിക്കാൻ കഴിയില്ലെന്ന് ഇടയലേഖനം ചൂണ്ടിക്കാട്ടുന്നു.