‘രാഹുല്‍ പെരുമാറുന്നത് ട്രോളന്‍മാരെപ്പോലെ’: അനില്‍ ആന്റണി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട അഞ്ച് വ്യക്തികളുടെ പേര് ഉപയോഗിച്ച് അദാനി എന്നെഴുതിയ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ അനില്‍ ആന്റണി രംഗത്ത്.

അനില്‍ ആന്റണിയുടെ വാക്കുകള്‍

‘രാഹുല്‍ പെരുമാറുന്നത് ട്രോളന്‍മാരെപ്പോലെയാണ്. രാഹുല്‍ ദേശീയ നേതാവിനെപ്പോലെ സംസാരിക്കണം. മോദി അഴിമതിക്കാരനെന്ന് ജനം വിശ്വസിക്കില്ല. റഫാലില്‍ എന്നപോലെ ആരോപണങ്ങള്‍ തള്ളും. ഇന്ത്യക്ക് വേണ്ടി 40 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്, ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍കുമാര്‍ റെഡ്ഡി എന്നിവര്‍ക്കൊപ്പം എന്റെ പേരും കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഒരു കുടുംബത്തിനുവേണ്ടി പ്രവര്‍ത്തിക്കാതെ രാഷ്ട്രതാല്‍പര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാനിറങ്ങിയതാണ് എല്ലാവരും. രാഹുല്‍ഗാന്ധി ഇന്ത്യയില്‍ ഏറ്റവും പഴക്കമുള്ള ഒരു ദേശീയ പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റാണ്. അദ്ദേഹത്തെ ഭാവി പ്രധാനമന്ത്രിയെന്ന് പറഞ്ഞാണ് പ്രവര്‍ത്തകര്‍ നടക്കുന്നത്. ഇങ്ങനെയൊരു വ്യക്തി ട്രോളന്മാരെ പോലെ പെരുമാറുന്നത് ഏറെ വിഷമമുണ്ടാക്കുന്നു. കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തോടെ 2024ല്‍ ബിജെപി ജയിക്കുമെന്നാണ് വിശ്വാസം. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ പോലുള്ള മുതിര്‍ന്ന നേതാക്കളെ ഞാന്‍ ബഹുമാനിക്കുന്നു. വളരെ നല്ല നേതാവാണ്. പക്ഷേ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഈ മഹാന്മാര്‍ ഭീഷ്മാചാര്യനെപോലെയും ദ്രോണാചാര്യനെപോലെയും അധര്‍മത്തിന്റെ പാതയിലാണ്. തിരഞ്ഞെടുപ്പില്‍ ജനം അത് അവരെ ബോധ്യപ്പെടുത്തും.’