സുഗതകുമാരിയുടെ ‘വരദ’ എന്ന വീട് വിറ്റത് സര്‍ക്കാരുമായി ആലോചിക്കാതെ: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ ‘വരദ’ എന്ന വീട് വിറ്റത് സര്‍ക്കാരുമായി ആലോചിക്കാതെയെന്നും സര്‍ക്കാരിന് കൈമാറിയാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

അതേസമയം, പരിപാലനം അടക്കമുള്ള പ്രതിസന്ധികളുള്ളതിനാലാണ് ‘വരദ’ വിറ്റതെന്നും അമ്മയോ അച്ഛനോ ഭൗതിക സ്വത്തുക്കളില്‍ വിശ്വസിച്ചവരല്ലെന്നും സുഗതകുമാരിയുടെ മകള്‍ ലക്ഷ്മി ദേവി നേരത്തെ പ്രതികരിച്ചിരുന്നു. വാഹനം പോലും കയറാത്ത വീട്ടിലെ ജീവിതം യാതൊരു തരത്തിലും മുന്നോട്ടുപോവില്ല എന്ന് ബോദ്ധ്യമായതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ഒപ്പം അമ്മയുടെ പുസ്തകങ്ങളും, വസ്ത്രങ്ങളും, കട്ടിലുമൊക്കെ എടുത്തുവച്ചിട്ടുണ്ടെന്നും ഭാവിയില്‍ ഒരു സ്മാരകം വരികയാണെങ്കില്‍ സാംസ്‌കാരിക വകുപ്പിന് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

സുഗതകുമാരിക്ക് ഒരു സ്മാരകം വേണമെന്നാവശ്യപ്പെട്ട് ടി പത്മനാഭനടക്കമുള്ള പത്തംഗ സമിതി ഒപ്പിട്ട ഒരു നിവേദനം സര്‍ക്കാരിന് നല്‍കിയിരുന്നു. ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കെയാണ് സുഗതകുമാരി താമസിച്ച വീട് വിറ്റുപോയത്. എന്നാല്‍ സ്മാരക സമിതിക്ക് ഇത് ഏറ്റെടുക്കാന്‍ താത്പര്യമില്ലായിരുന്നെന്നും വഴി തന്നെയാണ് പ്രധാന പ്രശ്‌നമെന്നുമാണ് ലക്ഷ്മി ദേവി പറയുന്നത്.