പ്രതിയെ കണ്ടെത്താന്‍ സഹായം തേടി; കേന്ദ്ര ഏജന്‍സികള്‍ പിടിച്ചുകൊടുത്തു: വി. മുരളീധരന്‍

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ പിടികൂടാന്‍ സംസ്ഥാനം കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയിരുന്നെന്നും, തുടര്‍ന്ന് പിടികൂടിയ പ്രതികളെ കേരള പോലീസിന് കൈമാറുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

‘കേസ് കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കേണ്ടതുണ്ടോ എന്നത് ആഭ്യന്തര മന്ത്രാലയമാണ് പറയേണ്ടത്. അതിന്റേതായ ഘട്ടത്തില്‍ അവര്‍ തന്നെ നിലപാടെടുക്കും. സംഭവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് ട്രെയിനില്‍ നിന്ന് ചാടി എന്ന് പറയപ്പെടുന്നവരുടെ മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്. സംഭവത്തിന് ശേഷം പ്രതി കേരളം വിട്ടുപോകാനുള്ള സാഹചര്യമുണ്ടായി. വേണ്ടത്ര നടപടികള്‍ ഉണ്ടാകാത്തതു കൊണ്ടാണിത്. പോലീസ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കാറില്ല. അത് പുറത്തുവരുന്നത് പങ്കാളികളായ മറ്റുള്ളവര്‍ക്ക് സഹായകരമാകും. സാധരണക്കാര്‍ക്ക് പോലും തീവണ്ടി യാത്ര ആശങ്കയ്ക്കിടാക്കുന്ന സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. പ്രതിയെ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിവസങ്ങള്‍ക്കകം പ്രതിയെ മഹാരാഷ്ട്രയില്‍ പിടികൂടിയതും കേരള പോലീസിന് ഏല്‍പ്പിച്ച് നല്‍കിയതും’-അദ്ദേഹം വ്യക്തമാക്കി.