അദാനി വിഷയത്തിലെ സത്യം മറച്ചുവെക്കാനാണ് ബിജെപി വിഷയം മാറ്റുന്നത്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അദാനി വിഷയത്തിലെ സത്യം മറച്ചുവെക്കാനാണ് ബിജെപി ദിവസവും വിഷയം മാറ്റുന്നതെന്ന വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ് വിട്ട നേതാക്കളായ ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ കുമാര്‍ റെഡ്ഡി, ഹിമന്ത ബിശ്വാസ് ശര്‍മ എന്നിവരുടെ പേരിനൊപ്പം അദാനിയുടെയും എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെയും കൂടെ പേരെഴുതിയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിക്കുന്നത്.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ ഒരേ സമയം സന്തോഷവും നിരാശയും തോന്നിയെന്ന് അനില്‍ ആന്റണി പറഞ്ഞു. ‘ഗുലാം നബിയെ പോലെയും സിന്ധ്യയെ പോലെയുമുള്ള വലിയ നേതാക്കള്‍ക്കൊപ്പം എന്റെ പേര് പറഞ്ഞതില്‍ സന്തോഷമുണ്ട്. എന്നെ കുഴിയാന എന്നൊക്കെ വിശേഷിപ്പിക്കുന്ന കേരളത്തിലെ നേതാക്കള്‍ ഇത് കാണുമെന്ന് കരുതുന്നു. ഒരു സോഷ്യല്‍ മീഡിയ ട്രോളറിന്റെ നിലവാരത്തിലേക്ക് രാഹുല്‍ ഗാന്ധി താഴുന്നതില്‍ നിരാശയും തോന്നുന്നുണ്ട്’- അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു. അദാനി വിഷയത്തിലെ ആരോപണം റാഫേല്‍ പോലെ പൊള്ളയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.