കൊച്ചി: ബ്രഹ്മപുരം പുതിയ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റിന് ടെൻഡർ വിളിച്ചു. നഗരസഭയാണ് ടെൻഡർ വിളിച്ചിട്ടുള്ളത്. 48.56 കോടി രൂപ ചെലവിൽ എട്ട് മാസത്തിനുള്ളിൽ പ്ലാന്റ് നിർമാണം പൂർത്തിയാക്കണമെന്നാണ് ടെൻഡറിലെ നിർദ്ദേശം.
പ്രതിദിനം 150 ടൺ ജൈവമാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ളതായിരിക്കണം പ്ലാന്റ് എന്നാണ് കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ടെൻഡർ ഏറ്റെടുത്ത് കഴിഞ്ഞ് ഒൻപതാം മാസം മുതൽ പ്രവർത്തനം ആരംഭിക്കാൻ കഴിയണമെന്നാണ് മറ്റൊരു പ്രധാനപ്പെട്ട വ്യവസ്ഥ. അഞ്ച് വർഷം പ്രവർത്തിപ്പിച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തണമെന്നും വ്യവസ്ഥയുണ്ട്.
പ്രതിവർഷം 43,000ടൺ കൈകാര്യം ചെയ്തുള്ള പരിചയം ഉള്ളവർ മാത്രമെ ടെൻഡറിൽ പങ്കെടുക്കാവൂ. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവർക്ക് മാത്രമാണ് ടെൻഡറിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. എന്നാൽ, തീപിടിത്തവുമായി ബന്ധപ്പെട്ടല്ല ടെൻഡർ ക്ഷണിക്കുന്നതെന്നാണ് നഗരസഭയുടെ വിശദീകരണം. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ആരംഭിച്ചുവെന്നും രണ്ട് മാസം മുൻപ് തന്നെ നഗരസഭ ഇതിന് അനുമതി നൽകിയിരുന്നെന്നും അധികൃതർ അറിയിച്ചു.

