കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ തടസ്സ ഹർജി ഫയൽ ചെയ്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ്. തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ ബാബുവിനെതിരെ എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കെ.ബാബു നൽകിയ കവിയറ്റ് കോടതി തള്ളിയതിനെ തുടർന്നാണ് എം സ്വരാജിന് അനുകൂല വിധി കോടതി പുറപ്പെടുവിച്ചത്.
ഹൈക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കെ ബാബു അറിയിച്ചിരുന്നു. ഇതോടെയാണ് എം സ്വരാജ് സുപ്രീം കോടതിയിൽ തടസഹർജി ഫയൽ ചെയ്തത്. കെ ബാബു ഹർജിയുമായി എത്തിയാൽ തന്റെ ഭാഗം കൂടി കേൾക്കണമെന്നാവശ്യപ്പെട്ടാണ് എം സ്വരാജ് തടസ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. കെ. ബാബു സ്വാമി അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് തേടിയെന്നാണ് കേസ്. ഇത് തിരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും കെ. ബാബുവിന്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വരാജ് കോടതിയെ സമീപിച്ചത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് വിതരണം ചെയ്ത തിരഞ്ഞെടുപ്പ് സ്ലിപ്പുകളിൽ കെ. ബാബുവിന്റെ പേരും ചിഹ്നവും ഉൾപ്പെടുത്തിയിരുന്നു.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123 പ്രകാരം ജാതി, മതം, സമുദായം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വോട്ടു ചോദിക്കുന്നത് തിരഞ്ഞെടുപ്പു ക്രമക്കേടാണ്. അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്നും അയ്യപ്പന് വോട്ട് ചെയ്ത് കെ. ബാബുവിനെ വിജയിപ്പിക്കണമെന്നുമുള്ള തരത്തിൽ വലിയ പ്രചാരണമാണ് നടത്തിയിരുന്നത്. ഇതിന് വേണ്ടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നുവെന്നും സ്വരാജ് ആരോപിച്ചിരുന്നു.

