ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. രാഹുല്‍ വിദേശത്തുപോയി ആരെയൊക്കയാണ് കാണുന്നതെന്ന് അറിയാമെന്നും എന്നാല്‍ ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം കാരണം കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അനില്‍ ആന്റണി ബി ജെ പിയിലേക്ക് പോയത് നിര്‍ഭാഗ്യകരമാണ്. രാഹുലിന് ആരൊക്കെയായി ബന്ധമുണ്ടെന്ന് അറിയാം.കോണ്‍ഗ്രസിലെ അര ഡസന്‍ നേതാക്കളാണ് ബി ജെ പിയെ വളര്‍ത്തുന്നത്. രാഹുല്‍ ഗാന്ധി സ്വയം വഴിതെറ്റുന്നതാണ്. ആരും തെറ്റിക്കുന്നതല്ല. യുവ നേതാക്കള്‍ പോകുന്നത് നേതൃത്വത്തിന്റെ കഴിവുകേടാണ്. രാഹുല്‍ അയോഗ്യനായപ്പോള്‍ ഒരു കൊതുക് പോലും കരഞ്ഞില്ല. അധികാരത്തില്‍ തിരിച്ചു വരണമെന്ന് ഒരാഗ്രഹവും ഇപ്പോഴത്തെ നേതാക്കള്‍ക്കില്ല. ജി 23 നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുണ്ടാക്കാമെന്ന് പറഞ്ഞിരുന്നു. ഞാന്‍ കാത്തുനിന്നില്ല’-ഗുലാംനബി ആസാദ് വ്യക്തമാക്കി.
അതേസമയം, കോണ്‍ഗ്രസ് വിട്ടവരെ അദാനിയുടെ പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്ത് രാഹുല്‍ പരിഹസിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസം ബി.ജെ.പിയിലെത്തിയ അനില്‍ ആന്റണിയുടെ പേരും അദ്ദേഹം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിന് മറുപടിയെന്നോണമാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം.

