കോടതിയിൽ കാണാം; ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളെയും അദാനിയെയും ബന്ധപ്പെടുത്തി രാഹുൽ ഗാന്ധി നടത്തിയ ട്വീറ്റിനെതിരെ അസം മുഖ്യമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാക്കളെയും ഗൗതം അദാനിയെയും ബന്ധപ്പെടുത്തി രാഹുൽ ഗാന്ധി നടത്തിയ ട്വീറ്റിനെതിരെ രംഗത്തെത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ട്വീറ്റിനെതിരെ കോടതിയെ സമീപിക്കുമെന്ന സൂചന നൽകിയാണ് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്. മുൻ കോൺഗ്രസ് നേതാക്കളായ ഹിമന്ത ബിശ്വ ശർമ, ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ കുമാർ റെഡ്ഢി, അനിൽ ആന്റണി തുടങ്ങിയവരുടെ പേരുകളാണ് രാഹുൽ അദാനിയുടെ പേരുമായി ബന്ധപ്പെടുത്തിയിട്ടുള്ളത്.

കോടതിയിൽ കാണാമെന്നാണ് രാഹുലിന്റെ ഈ ട്വീറ്റിന് അദാനി നൽകിയ മറുപടി. കോൺഗ്രസിനെതിരെ ഉയർന്ന അഴിമതി ആരോപണം ചൂണ്ടിക്കാട്ടി അദ്ദേഹം രാഹുലിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ബൊഫേഴ്സ്, നാഷണൽ ഹെറാൾഡ് അഴിമതികളിൽ നിന്നുള്ള കുറ്റകൃത്യങ്ങളുടെ പണം എവിടെയാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന് ഒരിക്കലും ചോദിക്കാത്തത് തങ്ങളുടെ മാന്യതയാണ്. ഒട്ടാവിയോ ക്വത്റോച്ചിയെ ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ പിടിയിൽ നിന്ന് പലതലണ രക്ഷപ്പെടുത്തി. എന്തായിരുന്നാലും നമുക്ക് കോടതിയിൽ കണ്ടുമുട്ടാമെന്നായിരുന്നു അസം മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചത്.

ട്വീറ്റിനോട് പ്രതികരിച്ച് അനിൽ ആന്റണിയും രംഗത്തെത്തിയിരുന്നു. ഒരു ദേശീയ പാർട്ടിയുടെ മുൻ അധ്യക്ഷനെ ഇങ്ങനെ കാണുന്നത് സങ്കടകരമാണെന്നും കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന് വിളിക്കുന്ന ആൾ ഓൺലൈൻ സാമൂഹിക മാധ്യമ സെല്ലുകളിലെ ട്രോളൻമാരെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

രാഷ്ട്രനിർമാണ പ്രവർത്തനങ്ങൾക്ക് പതിറ്റാണ്ടുകളായി സംഭാവനകൾ നൽകിയ ഈ ഉയർന്ന പ്രതിഭകൾക്കൊപ്പം തുടക്കക്കാരനായ തന്റെ പേര് കാണുമ്പോൾ വളരെ വിനയാന്വിതനാകുന്നു. ഒരു കുടുംബത്തിന് വേണ്ടിയല്ല, ഇന്ത്യയ്ക്കും നമ്മുടെ ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നതിനാലാണ് അവർക്ക് പാർട്ടി വിടേണ്ടിവന്നതെന്നും അനിൽ ആന്റണി അഭിപ്രായപ്പെട്ടു.