തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂരഹിതരും ഭവനരഹിതരുമായ 174 കുടുംബങ്ങളെ പുനരധിവാസിപ്പിക്കുന്നതിനായി ലൈഫ് മിഷന്‍ നിര്‍മ്മിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് കണ്ണൂരിലെ കടമ്പൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കടമ്പൂര്‍ ഫ്‌ലാറ്റിലെ 44 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി താക്കോല്‍ കൈമാറും.
2022-23 സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍ 2022 ഏപ്രില്‍ മുതല്‍ ഇതുവരെ 54,430 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 60,160 വീടുകളുടെ നിര്‍മ്മാണം വിവിധഘട്ടങ്ങളില്‍ പുരോഗമിക്കുന്നു. കൂടാതെ 25 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു. എറണാകുളം ജില്ലയിലെ നെല്ലിക്കുഴി, തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ എന്നീ പഞ്ചായത്തുകളില്‍ പുതിയ ഭവനസമുച്ചയങ്ങല്‍ നിര്‍മ്മിക്കുന്നതിനും തീരുമാനമായി.
അതേസമയം, പ്രീഫാബ് സാങ്കേതിക വിദ്യയിലാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. എല്‍ജിഎസ്എഫ് സാങ്കേതിക വിദ്യയില്‍ കെട്ടിടത്തിന്റെ ഫ്രെയിം നിര്‍മിച്ച്, അത് ഫൈബര്‍ സിമന്റ് ബോര്‍ഡ് ഉപയോഗിച്ച് കവര്‍ചെയ്താണ് ചുമര്‍ നിര്‍മിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് കെട്ടിടത്തിത്തിന്റെ നാലു നിലകളും വാര്‍ത്തത്. കെട്ടിടത്തില്‍ മതിയായ കാറ്റും വെളിച്ചവും ലഭിക്കുന്നതിന് രണ്ട് അകമുറ്റം നല്‍കിയിട്ടുണ്ട്. മുറികളില്‍ സെറാമിക് ടൈലും പൊതു ഇടങ്ങളില്‍ വിട്രിഫൈഡ് ടൈലുമാണ് ഫ്‌ലോറിംഗിന് ഉപയോഗിച്ചിരിക്കുന്നത്. ഫാന്‍, ലൈറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. വാഷിംഗ് മെഷിന്‍, ഫ്രിഡ്ജ് എന്നിവയ്ക്കുള്ള സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സബ്‌സിഡിയോടെ കെട്ടിടത്തില്‍ സൗരോര്‍ജ പ്ലാന്റുകള്‍ അനെര്‍ട് സ്ഥാപിച്ചു. ഇത് വഴി കെട്ടിടത്തിന്റെ പൊതുഇടനാഴികളിലും പൊതുവിടങ്ങളിലും സൗരോര്‍ജ വൈദ്യുതി ഉപയോഗിച്ച് വെളിച്ച സംവിധാനം ഒരുക്കിയിട്ടുണ്ട്.

